Sorry, you need to enable JavaScript to visit this website.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവെയ്ക്കല്‍ ഈ വര്‍ഷം മുതല്‍

കൊച്ചി-എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ ഈ വര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയാ സംവിധാനം ആരംഭിക്കുന്നതിനുള്ള  നടപടികള്‍ പുരോഗമിക്കുകയാണ്. 25 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കാന്‍സര്‍ ബ്ലോക്ക് മെയ് ആദ്യവാരം ഉദ്ഘാടനം ചെയ്യും. ജൂണ്‍ മാസത്തോടെ ന്യൂറോ സര്‍ജറിയും ആരംഭിക്കും. ആധുനിക ചികിത്സാ രംഗത്തെ കേരളത്തിന്റെ മുഖമാണ് സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ആശുപത്രികളില്‍ ഒന്നായ എറണാകുളം ജനറല്‍ ആശുപത്രി. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ, ഹൃദയം തുറക്കാതെ വാല്‍വിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള പ്രൊസീജിയര്‍ തുടങ്ങിയ ചരിത്രപരമായ നേട്ടങ്ങള്‍ ആശുപത്രി കൈവരിച്ചു. രാജ്യത്ത് തന്നെ ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്ന ഏക ജനറല്‍ ആശുപത്രിയാണിത്. ആശുപത്രിയുടെ വികസനത്തില്‍ പൊതുജന പങ്കാളിത്തവും ഏറെ സവിശേഷമാണ്. സംസ്ഥാന സര്‍ക്കാരിനൊപ്പം ജനപ്രതിനിധികളും പ്രത്യേക ഇടപെടലുകള്‍ നടത്തുന്നു.
കേരളത്തില്‍ ആദ്യത്തെ എന്‍ എ ബി എച്ച് - എന്‍ ക്യു എ എസ് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ - നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ്) അംഗീകാരം നേടിയ ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി. ദേശീയ ഗുണനിലവാര മാനദണ്ഡമനുസരിച്ചുള്ള ഏറ്റവും കൂടുതല്‍ ആരോഗ്യ സ്ഥാപനങ്ങളുള്ളത് കേരളത്തിലാണ്. ഇതില്‍ അധികവും പഞ്ചായത്ത് തല കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.
സംസ്ഥാനത്ത് 38 ജില്ലാതല ജനറല്‍ ആശുപത്രികളാണുള്ളത്. ഇതില്‍ എറണാകുളം ഉള്‍പ്പടെ ചില ജനറല്‍ ആശുപത്രികള്‍ക്ക് ദേശീയ ഗുണനിലവാര മാനദണ്ഡമനുസരിച്ചുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള ജനറല്‍ ആശുപത്രികള്‍ക്കും ഈ അംഗീകാരം ലഭ്യമാക്കുന്നതിനായി ഓരോ മണ്ഡലത്തിലും എം എല്‍ എമാരുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

 

 

Latest News