Sorry, you need to enable JavaScript to visit this website.

ജാമ്യത്തിൽ ഇറങ്ങിയ ബലാത്സംഗ കേസിലെ പ്രതികൾ ഇരയുടെ കുടിലിന് തീയിട്ടു; രണ്ട് കൈക്കുഞ്ഞുങ്ങളുടെ പൊള്ളൽ ഗുരുതരം

യു.പി (ഉന്നാവ്) - ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ ഇരയുടെ കുടിലിന് തീയിട്ടു. ആക്രമണത്തിൽ ആറും രണ്ടും മാസമായ ഇരയുടെ കുഞ്ഞിനും സഹോദരിക്കും ഗുരുതരമായി പൊള്ളലേറ്റു. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. 
 കഴിഞ്ഞവർഷം 11 വയസ്സുകാരിയായ ദലിത് പെൺകുട്ടികുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിചേർക്കപ്പെട്ട ആക്രമികളാണ് ജാമ്യത്തിൽ ഇറങ്ങിയ ഉടനെ ഇരയുടെ കുടിലിലെത്തി മാതാപിതാക്കളെ മർദ്ദിച്ച് തീയിട്ടത്. 
 ബാലികയെ ഗർഭിണിയാക്കിയ രണ്ടു പ്രതികളും ഇവരുടെ കൂടെ വന്ന അഞ്ചു പേരും ഇരയുടെ കുടിലിലെത്തി കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനു വിസമ്മതിച്ചതോടെ അക്രമിസംഘം ഇരയുടെ അമ്മയെയും അച്ഛനെയും മർദ്ദിച്ച് വീടിനു തീ വെക്കുകയാണുണ്ടായത്. ആക്രമണത്തിൽ ഇരയയുടെ ആറു മാസം പ്രായമായ കുഞ്ഞിനും രണ്ടുമാസം പ്രായമായ സഹോദരിയ്ക്കും ഗുരുതരമായ പൊള്ളലേറ്റു. ഇരയുടെ കുഞ്ഞിന് 35 ശതമാനവും സഹോദരിക്ക് 45 ശതമാനവുമാണ് പൊള്ളലേറ്റത്. 
 വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞുങ്ങളെ കാൺപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. 2022 ഫെബ്രുവരി 13-നാണ് ദലിത് പെൺകുട്ടിയെ രണ്ടുപേർ ചേന്ന് കൂട്ട ബലാത്സംഗം ചെയ്തത്. ആ വർഷംതന്നെ സെപ്തംബറിൽ ബാലിക പ്രസവിച്ചു. കടുത്ത പീഡനമാണ് ദലിത് കുടുംബത്തിനുനേരെ അക്രമികൾ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
 

Latest News