കോട്ട- നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കാവി വസ്ത്രമണിഞ്ഞ സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളെ തൂക്കിലേറ്റണമെന്ന് പതജ്ഞലി ഉടമയും ആള്‍ദൈവ പരിവേഷമുള്ള യോഗ പരിശീലകന്‍ കൂടിയായ ബാബ രാംദേവ്. രാജസ്ഥാനിലെ കോട്ടയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമം ലംഘിക്കുന്ന ഇത്തരക്കാരെ ജയിലിലിട്ടാല്‍ മാത്രം പോര. മരണം വരെ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും ഇതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും രാംദേവ് പറഞ്ഞു. കാവി വസ്ത്രം എടുത്തണിഞ്ഞതു കൊണ്ട് ഒരാള്‍ ബാബ ആകില്ല. എല്ലാജോലിക്കുമെന്ന പോലെ ഇതിനു ചില ചട്ടങ്ങളുണ്ട്. അതില്‍ സ്വഭാവമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ദാതി മഹാരാജ് എന്ന മറ്റൊരു ആള്‍ദൈവം പീഡനക്കേസില്‍ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് രാംദേവിന്റെ പ്രതികരണം.