അബുദബി- വിവാഹ മോചിതരായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും അവരുടെ മക്കള്‍ക്കും സ്പോണ്‍സറില്ലാതെ തന്നെ ഒരു വര്‍ഷത്തേക്ക് വീസ നീട്ടി നല്കാന് യുഎഇ മന്ത്രിസഭാ തീരുമാനം. ഇണയുടെ മരണ ദിവസം മുതലോ അല്ലെങ്കില്‍ വിവാഹ മോചന ദിവസം മുതലോ ഒരു വര്‍ഷത്തേക്ക് വീസ നീട്ടി നല്‍കും. ഇവര്‍ക്ക് സ്വന്തം സാമൂഹിക, സാമ്പത്തിക നില ഭദ്രമാക്കാനുള്ള അവസരമൊരുക്കുന്നതിനാണ് മാനുഷിക പരിഗണന നല്കി ഈ ഇളവ് നല്‍കുന്നതെന്ന് മന്ത്രിസഭ വ്യക്തമാക്കുന്നു.
കുടുംബനാഥനെ നഷ്ടപ്പെടുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ രാജ്യത്തു തന്നെ തങ്ങാനുള്ള അവസരമാണ് ഇതുവഴി ഒരുക്കിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം നാലാം പാദം മുതല്‍ ഈ വീസാ ഇളവ് പ്രാബല്യത്തില്‍ വരും. നിലവിലെ നിയമപ്രകാരം ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയാല്‍ സ്ത്രീകള്‍ക്ക് ഉടന്‍ യുഎഇ വിടണം. ഭര്‍ത്താവ് മരിക്കുന്ന സാഹചര്യങ്ങളില്‍ വീസാ കാലാവധി തീരുന്നതു വരെ മാത്രമെ സ്ത്രീകള്‍ക്ക് യുഎഇയില്‍ തങ്ങാന്‍ കഴിയൂ. ഇത്തരം സ്ത്രീകള്‍ക്കും അവരുടെ മക്കള്‍ക്കും വലിയ ആശ്വാസമാകുന്ന പുതിയ വീസാ പരിഷ്ക്കരണം സാമൂഹിക പ്രവര്‍ത്തകരും നിയമ വിദഗ്ധരും സ്വാഗതം ചെയ്തിട്ടുണ്ട്. സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ഗുണം ചെയ്യുന്നതാണ് ഈ തീരുമാനമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.