ന്യൂദല്‍ഹി - പാലാ നിയമസഭാ തെരെഞ്ഞെടുപ്പ് കേസില്‍ മാണി സി കാപ്പന്‍ എം.എല്‍. എയ്ക്ക് തിരിച്ചടി. ഇത് സംബന്ധിച്ച് ഹൈക്കോടതിയിലെ നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മാണി സി കാപ്പന്‍ തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുവദിച്ച ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് മാണി സി കാപ്പന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാണി സി കാപ്പന്‍ നിയമപ്രകാരമുള്ള രേഖഖള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദനീയമായതിലും കൂടുതലായി വന്‍ തുക ചെലവഴിച്ചെന്നും കാണിച്ച് പാലാ സ്വദേശിയായ സി.വി.ജോണ്‍ എന്നയാളാണ് ഹൈക്കോടതിയില്‍ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഹൈക്കോടതി 2022 ആഗസ്റ്റില്‍ അനുമതി നല്‍കിയിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് കാട്ടിയായിരുന്ന മാണി സി കാപ്പന്‍ സുപ്രീം കോടതിയിയെ സമീപിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. പാലായില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്ന ജോസ്.കെ മാണിയെയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്.