കൊച്ചി- മൊബൈല്‍ ഷോപ്പില്‍ കയറി തട്ടിപ്പ് നടത്തി ഫോണ്‍ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. എറണാകുളം പെന്റാ മേനകയിലെ ഷോപ്പില്‍ നിന്നും അറുപതിനായിരം രൂപ വില വരുന്ന രണ്ട് ആപ്പിള്‍ ഫോണുകളാണ് തട്ടിയെടുത്തത്.
പെരുമ്പാവൂര്‍ വെങ്ങോല കൂളിയാടന്‍ ആസാദ് യാസിം (24), പെരുമ്പാവൂര്‍ അല്ലപ്ര തോട്ടപ്പുറം വീട്ടില്‍ നൗഫല്‍ ടി എന്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ആപ്പിള്‍ ഫോണുകള്‍ വാങ്ങിയ പ്രതികള്‍ ബന്ധുവിന്റെ അക്കൗണ്ടില്‍ നിന്നും പണം വരുമെന്ന് അറിയിക്കുകയും പിന്നീട് പണം അയച്ചതിന്റെ സ്ക്രീന്‍ഷോട്ട് കടക്കാരെ കാണിക്കുകയുമായിരുന്നു. പ്രതികള്‍ കടയില്‍ നിന്ന് പോയതിന് പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം വന്നില്ലെന്ന് മനസ്സിലാവുകയും ഇവരെ വിളിച്ചപ്പോള്‍ പലതും പറഞ്ഞ് ഒഴിഞ്ഞു മാറുകയുമായിരുന്നു. തുടര്‍ന്നാണ് മൊബൈല്‍ ഷോപ്പ് ഉടമ പൊലീസില്‍ പരാതി നല്‍കിയത്.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും മറ്റും അന്വേഷണം നടത്തിയ പോലീസ് ഇരുവരും തട്ടിപ്പുകാരാണെന്ന് തിരിച്ചറിഞ്ഞതോടെ പെരുമ്പാവൂരില്‍ നിന്നും ഇരുവരേയും പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്. വിജേശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീഷ്, ഇഗ്നേഷ്യസ്, വിനോദ്, ഷിഹാബ് എന്നിവരും ഉണ്ടായിരുന്നു.