മോസ്കോ- റഷ്യയിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിന് തിരിച്ചടിയായി സൂപ്പർ താരം നെയ്മറിന്റെ പരിക്ക്. വെള്ളിയാഴ്ച്ച കോസ്റ്ററിക്കക്കെതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ നെയ്മറിനെ ഉൾപ്പെടുത്താൻ ഇടയില്ലെന്നാണ് റിപ്പോർട്ട്. അവസാന ഇരുപത് മിനിറ്റിൽ നെയ്മർ കളത്തിലുണ്ടാകുമെന്നും ചില വിദേശ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിശീലനത്തിനിടെയാണ് നെയ്മറിന് വീണ്ടും പരിക്കേറ്റത്. ചൊവ്വാഴ്ച്ച പതിനഞ്ച് മിനിറ്റ് മാത്രമാണ് നെയ്മർ പരിശീലനത്തിനായി ചെലവിട്ടത്. അധികം വൈകാതെ മൈതാനം വിടുകയും ചെയ്തു. ചില സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിൽ ഏർപ്പെട്ട നെയ്മർ പെട്ടെന്ന് മടങ്ങുകയും ചെയ്തു. നടക്കാൻ വിഷമിച്ച രൂപത്തിലാണ് നെയ്മർ പരിശീലന ഗ്രൗണ്ട് വിട്ടത്. ബുധനാഴ്ച്ച നെയ്മറിനെ ഫിസിയോതെറപ്പിക്ക് വിധേയനാക്കി. വ്യാഴാഴ്ച്ച മുഴുവൻ സമയപരിശീലനത്തിനുണ്ടാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, നെയ്മറിന് പകരം ഫിർമിനോയോ ഡഗ്ലസ് കോസ്റ്റയെ കോസ്റ്ററിക്കക്കെതിരായ മത്സരത്തിലെ ആദ്യഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്.
ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വിസ് താരങ്ങളുടെ മാരക ടാക്ലിംഗുകൾക്ക് നെയ്മർ ഇരയായിരുന്നു. ഈ മത്സരത്തിൽ സ്വിസ് താരങ്ങൾ പത്ത് തവണയാണ് നെയ്മറെ വീഴ്ത്തിയത്. മിക്കപ്പോഴും മാരകമായി ഫൗൾ ചെയ്തു. ഫെബ്രുവരിയിൽ കാലിന് ശസ്ത്രക്രിയ ചെയ്ത അതേ സ്ഥാനത്തുതന്നെയാണ് ഇപ്പോൾ വീണ്ടും പരിക്കേറ്റിരിക്കുന്നത്.
കഴിഞ്ഞ ലോകകപ്പില്‍ കൊളംബിയക്കെതിരായ മത്സരത്തിലും നെയ്മറിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന് ലോകകപ്പ് നഷ്ടമാകുകയും ചെയ്തു. സമാനമായ സഹചര്യം തന്നയാണോ വരാനിരിക്കുന്നത് എന്ന ഭയത്തിലാണ് ഫുട്ബോള്‍ ആരാധകര്‍.