Sorry, you need to enable JavaScript to visit this website.

ബൈക്ക് മോഷണം; യുവതിയും യുവാവും പിടിയില്‍

കൊച്ചി- ബൈക്ക് മോഷണം പതിവാക്കിയ യുവാവിനേയും യുവതിയേയും പോലീസ് പിടികൂടി. ആലപ്പുഴ ഇരവ്കാട് പുത്തന്‍പറമ്പില്‍ എ എ മന്‍സില്‍ ഷുഹൈബ് (23), കൊടുങ്ങല്ലൂര്‍ പല്ലിശ്ശേരി വീട്ടില്‍ സാന്ദ്ര (21) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. 

ഏപ്രില്‍ 16ന് പുലര്‍ച്ചെ നാലുമണിയോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി. അനൂപിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിംഗില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ എറണാകുളം ബോട്ട് ജെട്ടിയുടെ ഉള്‍ഭാഗത്ത് ആളുകള്‍ ശ്രദ്ധിക്കാത്ത വിധത്തില്‍ ഒരു ബൈക്ക് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസിന് തുമ്പുണ്ടായത്. എന്‍ജിന്‍ ചൂടായതിനാല്‍ കുറഞ്ഞ സമയത്തിനകം വെച്ച വാഹനമാണെന്ന് തിരിച്ചറിഞ്ഞതോടെ ചെയ്‌സ് നമ്പറില്‍ നിന്നും ലഭിച്ച വാഹനത്തിന്റെ വിവരങ്ങള്‍ കണ്ണൂര്‍ മട്ടന്നൂര്‍ ഭാഗത്തു നിന്നും മോഷണം പോയ വാഹനമാണെന്ന് കണ്ടെത്തുകയായിരുന്നു. 

കണ്ണൂര്‍ പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ്   മോഷ്ടാക്കളുടെ വീഡിയോ ദൃശ്യം ലഭിച്ചത്. മോഷണത്തിന് പിന്നില്‍ യുവാവും യുവതിയുമാണഎന്ന് തിരിച്ചഞ്ഞതോടെ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയശങ്കറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ അനൂപ് സി, ഷാഹിന, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആന്റണി, ജോബി ജോസഫ് എന്നിവരടങ്ങിയ പോലിസ് സംഘം അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇരുവരും നേരത്തെ പല കേസുകളിലും പ്രതിയാണ്.  ശുഹൈബ് മോഷണം ഉള്‍പ്പെടെ എട്ട് കേസുകളില്‍ പ്രതിയാണ്. ഇരുവരും ചേര്‍ന്ന് എറണാകുളം ഭാഗത്ത് നിന്ന് കൂടുതല്‍ ബൈക്കുകള്‍ മോഷണം നടത്തിയതായി സമ്മതിച്ചു. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest News