കോഴിക്കോട് - താമരശ്ശേരി പരപ്പൻപൊയിലെ വീട്ടിൽനിന്ന് സ്വർണക്കടത്തു അക്രമിസംഘം തട്ടിക്കൊണ്ടുപോയ പ്രവാസിയായ മുഹമ്മദ് ഷാഫിയെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യൽ തുടങ്ങി. 11-ാമത്തെ ദിവസം ഇന്ന് രാവിലെ കേരള-കർണാടക അതിർത്തിയിൽനിന്നാണ് ഷാഫിയെ പോലീസ് സംഘം കണ്ടെത്തിയത്. ഉടനെ ഷാഫിയേയും കൊണ്ട് പോലീസ് കേരളത്തിലേക്ക് തിരിക്കുകയായിരുന്നു.
കണ്ണൂർ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയും കോഴിക്കോട് റൂറൽ എസ്പിയുടെ ചുമതലയുളള വയനാട് എസ്.പി ആർ ആനന്ദും വടകര റൂറൽ എസ്പി ഓഫീസിലെത്തിയിട്ടുണ്ട്.
ഏപ്രിൽ ഏഴിന് വീട്ടിലെത്തിയ അക്രിമിസംഘം തോക്കുചൂണ്ടിയാണ് ഷാഫിയെ തട്ടിക്കൊണ്ടു പോയത്. തടയാൻ ശ്രമിച്ച ഷാഫിയുടെ ഭാര്യയേയും കാറിൽ കയറ്റിക്കൊണ്ടുപോയ സംഘം കുറച്ചുകഴിഞ്ഞ് വഴിയിൽ ഇറക്കിവിടുകയായിരുന്നു. പിന്നീട് ഷാഫിയുടെ ഫോൺ കരിപ്പൂർ വിമാനത്താവളത്തിനടുത്ത് നിന്നും കിട്ടിയിരുന്നു. ഇത് തെറ്റിദ്ധരിപ്പിക്കാനായി സംഘം ഇട്ടതാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
തുടർന്ന് താനും സഹോദരനും ചേർന്ന് ഗൾഫിൽ നിന്ന് 325 കിലോ സ്വർണം കൊണ്ടുവന്നെന്നും ഇതിന്റെ പേരിലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും ഷാഫിയുടെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന്റെ സ്രോതസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടക്കവേ വീണ്ടും വീഡിയോ സന്ദേശം പുറത്തുവരികയുണ്ടായി.
സഹോദരൻ നൗഫലാണ് തട്ടിക്കൊണ്ടുപോകലിന് പിറകിലെന്നായിരുന്നു ഈ വീഡിയോയിൽ പറഞ്ഞത്. ഇസ്‌ലാം മതവിശ്വാസപ്രകാരം പെൺകുട്ടികളുള്ളവർ മരിച്ചാൽ സ്വത്ത് മുഴുവൻ സഹോദരന് ലഭിക്കുമെന്നും ഇതിനുവേണ്ടി സഹോദരൻ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നുമാണ് ഇതിൽ ഷാഫി പറയുന്നതായി പുറത്തുവന്നത്. എന്നാലിത് കുടുംബവും പോലീസും തള്ളിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനാണ് ഈ നീക്കമെന്നാണ് പോലീസ് നിഗമനം. അതിനിടെ, കാസർകോട് കേന്ദ്രീകരിച്ച സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ഇവർ ഷാഫിയുമായി കർണാടകയിലാണ് ഉള്ളതെന്നും പോലീസിന് സൂചനയുണ്ടായിരുന്നു. തുടർന്ന് കർണാടകയിൽ പോലീസ് തിരച്ചിൽ നടത്തിവരികയുമായിരുന്നു. ശേഷം നാല് പേരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതിനിടെ, ഷാഫിയുടെ അറസ്റ്റുമായും ബന്ധപ്പെട്ട് ചില അവ്യക്തതകൾ പ്രചരിക്കുന്നുണ്ട്. എന്തായാലും ഷാഫിയെ പോലീസിന്റെ കയ്യിൽ കിട്ടിയതോടെ ചോദ്യം ചെയ്യലിലൂടെ ദുരൂഹതകൾ മാറി, ശരിയായ ചിത്രം തെളിയുമെന്നാണ് കരുതുന്നത്.