മുംബൈ - മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ ഞെട്ടിക്കുന്ന നീക്കവുമായി ബി.ജെ.പി. എന്‍.സി.പിയുടെ മുതിര്‍ന്ന നേതാവ് അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാകുമെന്ന് സൂചന. രണ്ടാഴ്ചക്കുള്ളില്‍ മഹാരാഷ്ട്രയില്‍ രണ്ടു പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വഞ്ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് പകരമായി അജിത് പവാര്‍ മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
അജിത് പവാറിനെ കേന്ദ്രീകരിച്ച് ബി.ജെ.പി അത്തരമൊരു നീക്കം നടത്തിയതായി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവുത്ത് 'സാമ്‌ന'യിലെ പ്രതിവാര കോളത്തില്‍ സ്ഥിരീകരിച്ചിരുന്നു. 'എന്‍.സി.പി, ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല. എന്നാല്‍, കുടുംബത്തില്‍നിന്ന് ആരെങ്കിലും മറിച്ചൊരു ആഗ്രഹത്തിന് മുതിര്‍ന്നിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയുടെ തീരുമാനമായിരിക്കില്ല' എന്നു എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഏപ്രില്‍ 11ന് ഉദ്ധവിനോട് പറഞ്ഞതായി സഞ്ജയ് റാവുത്ത് പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുംബൈ സന്ദര്‍ശനത്തിനു പിന്നാലെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. എന്നാല്‍, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നത് അജിത് പവാര്‍ നിഷേധിച്ചിരുന്നു.