Sorry, you need to enable JavaScript to visit this website.

വിവാദ ഭൂമി ഇടപാട്: മാർ ജോർജ് ആലഞ്ചേരിക്ക് വത്തിക്കാൻ സഭാ കോടതിയുടെ ക്ലീൻ ചിറ്റ്

കൊച്ചി-എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് കേസിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വത്തിക്കാൻ സഭാ കോടതി ക്ലീൻ ചിറ്റ് നൽകി. അതിരൂപതാ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനാണ് സഭാ കോടതിയുടെ ഉത്തരവ് ലഭിച്ചത്. കർദ്ദിനാൾ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വത്തിക്കാൻ കണ്ടെത്തി.മാർ ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകിയ സീറോ മലബാർ സഭാ സിനഡിന്റെ നടപടി ചോദ്യം ചെയ്ത് അതിരൂപത നൽകിയ അപ്പീൽ തള്ളിയാണ് വത്തിക്കാൻ സഭാ കോടതിയുടെ ഉത്തരവു വന്നത്.
വിവാദ ഭൂമി ഇടപാടിൽ കർദ്ദിനാൾ വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന സിനഡിന്റെ കണ്ടെത്തൽ വത്തിക്കാൻ ശരിവെച്ചു. ഭൂമി ഇടപാടിലൂടെയുണ്ടായ അതിരൂപതക്കുണ്ടായ നഷ്ടം നികത്താൻ  കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിൽക്കാനും വത്തിക്കാൻ സഭാ കോടതി അനുമതി നൽകി. ഭൂമി കൈമാറ്റത്തിൽ കാനോനിക നിയമപ്രകാരം അച്ചടക്ക നടപടി എടുക്കാനും നിർദ്ദേശമുണ്ട്.
മേജർ ആർച്ച്ബിഷപ്പിന്റെ ഇതുമായി ബന്ധപ്പെട്ട നിരപരാധിത്വം തെളിഞ്ഞിരിക്കുന്നതിനാൽ സഭ തലവൻ മാർ ജോർജ് ആലഞ്ചേരിക്കെതിരെ ഇനിയും ദുഷ്പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരീക്കണമെന്ന് സീറോ മലബാർ സഭ അൽമായ ശബ്ദം ഭാരവാഹികൾ ആവശ്യപ്പെട്ടു. സഭ വിരുദ്ധരുടെ കള്ള പ്രചരണങ്ങൾ ഇതോടെ പൊളിഞ്ഞു. ഇത്തരം നീക്കങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല. സഭ നീതിന്യായ കോടതി വിധി എല്ലാവരും അംഗീകരീക്കണമെന്ന് അല്മായ ശബ്ദം ഭാരവാഹികളായ പ്രസിഡന്റ് ബിജു നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു. ഇനിയും ഇത്തരം അപവാദ പ്രചരണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്നവർക്കെതിരെ കാനോനിക നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന തീരുമാനം ഏറെ ആശ്വാസകരമാണെന്ന് അൽമായ ശബ്ദം പറയുന്നു.
സിറോ മലബാർ സഭയുടെ ഭൂമി വിൽപ്പനയിൽ ക്രമക്കേടുകൾ ആരോപിച്ചുള്ള കേസുകൾ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരി നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്നാണ് മാർ ആലഞ്ചേരി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. പള്ളിയുടെ സ്വത്ത് പൊതു ട്രസ്റ്റിന്റെ ഭാഗമായി വരുമെന്നും, ഇവ കൈമാറ്റം ചെയ്യാൻ ബിഷപ്പുമാർക്ക് പൂർണ അധികാരമില്ലെന്നും നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.
ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് ഹർജി നൽകിയത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികൾ. ഇടനിലക്കാരും, ഭൂമി വാങ്ങിയവരും പ്രതിപട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തി ക്രമക്കേട് നടത്തിയെന്ന് കാണിച്ച് ഇഡിയും കേസെടുത്തിരുന്നു.
 

Latest News