Sorry, you need to enable JavaScript to visit this website.

അദാനി ഗ്രൂപ്പിന്റെ വേട്ട കാസർകോടും,  വഴിയാധാരമായി കർഷകർ

കർഷകരുടെ ആശങ്ക തീർക്കാതെ ഉഡുപ്പി -കാസർകോട് 400 കെ.വി ലൈൻ നിർമ്മാണം  
നിർമ്മാണം തുടങ്ങുന്നത് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ  

കാസർകോട്- മലയോര കർഷകരുടെ ആശങ്ക പരിഹരിക്കാതെ ഉഡുപ്പി -കാസർകോട് ട്രാൻസ്മിഷൻ 400 കെ. വിയുടെ നിർമ്മാണ പ്രവൃത്തിക്ക് സ്ഥലം ഏറ്റെടുക്കുന്നത് അദാനി ഗ്രൂപ്പ് കമ്പനിക്ക് വേണ്ടി. ഉഡുപ്പിയിലുള്ള അദാനി ഗ്രൂപ്പിന്റെ വൈദ്യുതി വിതരണ കമ്പനിയിൽ നിന്നാണ് കാസർകോട് കരിന്തളം വരെ വൈദുതി എത്തിക്കുന്ന പദ്ധതിക്കായി 440 കെ. വി ലൈൻ വലിക്കുന്നത്. കാട്ടുകുക്കെ മുതൽ കരിന്തളം വരെ ആറു വലിയ ടവറുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. 46 മീറ്റർ വീതിയിൽ 45 കിലോമീറ്റർ നീളത്തിലാണ് ജില്ലയിൽ ലൈൻ കടന്നുപോവുക. 30 വർഷത്തേക്ക് കറന്റ് വാങ്ങിക്കണമെന്ന നിബന്ധനയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ വൈദ്യുതി ടെർമിനൽ സ്ഥാപിക്കുന്ന പദ്ധതിക്കായി കർഷകരുടെ സ്ഥലം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ചാണ്. വൈദുതി പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് കമ്പനിക്ക് വേണ്ടി ജില്ലാ കലക്ടർ തന്നെ നേതൃത്വം നൽകുകയാണ്. മുള്ളേരിയയിൽ ടവർ സ്ഥാപിക്കുന്ന സ്ഥലം ഏറ്റെടുത്ത് നിർമ്മാണം തുടങ്ങുന്നതിന് കലക്ടർ നേരിട്ടാണ് പോയത്. ഞായറാഴ്ച അട്ടേങ്ങാനത്ത് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കേരള കോൺഗ്രസ് എം നേതാവുമായ ഷിനോജ് ചാക്കോയുടെ സ്ഥലം ഏറ്റെടുക്കുന്നതിനും നേതൃത്വം വഹിച്ചത് കലക്ടർ തന്നെയായിരുന്നു.രാവിലെ സ്ഥലത്ത് എത്തിയ ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ തടഞ്ഞു പ്രതിഷേധിച്ച കർഷകരെ ബലംപ്രയോഗിച്ചു മാറ്റി അട്ടേങ്ങാനത്ത് കമ്പനി ടവറിന്റെ നിർമ്മാണം തുടങ്ങി. ഷിനോജിന്റെ രണ്ടേക്കർ സ്ഥലത്ത് നിന്ന് അട്ടേങ്ങാനം ടവർ നിർമ്മിക്കാൻ നഷ്ടപെടുന്നത് 24 സെന്റ് സ്ഥലമാണ്. ആ സ്ഥലത്ത് പിന്നീട് കൃഷി ചെയ്യാനോ നിർമ്മാണം നടത്താനോ കഴിയില്ലെന്ന് ഷിനോജ് ചാക്കോ പറയുന്നു. വൻ പോലീസ് സന്നാഹത്തോടെ ഏടത്തി ഭീഷണിപ്പെടുത്തിയാണ് ഓരോ കർഷകന്റെ സ്ഥലത്തും നിർമ്മാണം തുടങ്ങുന്നത്. തടഞ്ഞാൽ ഔദ്യോഗിക കൃത്യനിർവ്വഹണം തടഞ്ഞുവെന്ന കുറ്റം ചുമത്തി പ്രതിഷേധക്കാരെ ജയിലിലടക്കാനാണ് നിർദേശം. മലയോര കർഷകർ മുഴുവൻ പ്രക്ഷോഭം ശക്തമാക്കിയതിനെ തുടർന്ന് മന്ത്രിതലത്തിൽ നടത്തിയ ചർച്ചകളുടെ ഭാഗമായി ഏറ്റെടുക്കുന്ന സ്ഥലത്തെ വൃക്ഷങ്ങളുടെ തുക ഇരട്ടിയാക്കി നൽകി എന്നതൊഴിച്ചാൽ സ്ഥലത്തിന്റെ നഷ്ടപരിഹാരം സംബന്ധിച്ച് ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ല.  ഇത് സംബന്ധിച്ച ഒരു രേഖയും കർഷകർക്ക് നൽകുന്നില്ല. ഓരോ കർഷകന്റെയും ഭൂമിയിൽ കൂടി 26 മീറ്റർ വീതിയിൽ ലൈൻ കടന്നുപോയാൽ ആ ഭൂമിയിൽ ഒരു കൃഷിയും നിർമ്മാണവും നടക്കില്ലെന്ന് മാത്രമല്ല കൃഷിഭൂമി പണയപ്പെടുത്തി വായ്പ നല്കാൻ പോലും ഒരു ധനകാര്യ സ്ഥാപനവും തയ്യാറാവുകയുമില്ലെന്ന് കർഷകർ പറയുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന് എത്ര നഷ്ടപരിഹാരം നൽകുമെന്ന അറിയിപ്പെങ്കിലും ഭൂമിയുടെ ഉടമസ്ഥന് നൽകണമെന്നാണ് ആവശ്യം. നിയമങ്ങൾ പാലിക്കാതെ അധികാരം ഉപയോഗിച്ച് സ്ഥലം പിടിച്ചെടുക്കാൻ നടത്തുന്ന നീക്കങ്ങൾ സംഘർഷത്തിലാണ് കലാശിക്കുന്നത്. 

Latest News