നാല് സൈനികരുടെ കൊല; മുഖ്യസാക്ഷി പ്രതിയായി, കാരണം പറയാതെ പോലീസ്

ചണ്ഡീഗഢ്/ന്യൂദല്‍ഹി- പഞ്ചാബിലെ ബതിന്ദ സൈനിക താവളത്തില്‍ നാല് സൈനികരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ജവാന്‍ അറസ്റ്റിലായി. നേരത്തെ മുഖ്യസാക്ഷിയായി ഉള്‍പ്പെടുത്തിയ ജവനാണ് കേസില്‍ പ്രതിയായിരിക്കുന്നത്. മോഷ്ടിച്ച തോക്ക് ഉപയോഗിച്ചാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്.
ബതിന്ദ സൈനിക താവളത്തില്‍ വെടിവെപ്പ് നടന്ന സ്ഥലത്തിന് സമീപം രണ്ട് പേര്‍ റൈഫിളും കോടാലിയുമായി നില്‍ക്കുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ ഗണ്ണര്‍ ദേശായി മോഹനാണ് ഇപ്പോള്‍ കുറ്റം സമ്മതിച്ചത്.  പ്രതി കൊലപാതകം സമ്മതിച്ചതായി ബതിന്ദ സീനിയര്‍ പോലീസ് സൂപ്രണ്ട് ഗുല്‍നീത് സിംഗ് ഖുറാന പറഞ്ഞു.
കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനാകില്ലെന്നായിരുന്നു മറുപടി. എന്നാല്‍ നാല് സൈനികരുമായി മോഹനന് വ്യക്തിപരമായ ശത്രുതയുണ്ടായിരുന്നുവെന്ന് ഖുറാന പറഞ്ഞു. ഏപ്രില്‍ 12 ന് മുഖവും തലയും തുണികൊണ്ട് മറച്ച് രണ്ട് അജ്ഞാതര്‍ എത്തിയതായി മോഹന്‍ അവകാശപ്പെട്ടിരുന്നു. വെടിവെപ്പിന് ശേഷം ഇയാള്‍ മൊഴി മാറ്റിക്കൊണ്ടിരുന്നതാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിലേക്കും അന്വേഷണത്തിലേക്കും നയിച്ചത്.
വെടിവെപ്പിന് രണ്ട് ദിവസം മുമ്പ് ഒരു റൈഫിളും 28 വെടിയുണ്ടകളും സൈനിക താവളത്തില്‍നിന്ന് കാണാതായിരുന്നു. അന്വേഷണത്തില്‍ മോഷ്ടിച്ച ഇന്‍സാസ് റൈഫിളും വെടിയുണ്ടകളുമാണ് സംഭവത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായതായി ഖുറാന പറഞ്ഞു.
കൊലപാതകത്തിനുശേഷം മോഹന്‍ ആയുധം മാലിന്യക്കുഴിയിലേക്ക് വലിച്ചെറിയുകയായിരുന്നു. മലിനജല കുഴിയില്‍ നിന്ന് ആയുധങ്ങളും അധിക വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ നേരത്തെ ഊഹിച്ചതുപോലെ കേസിന് ഭീകര ബന്ധമില്ലെന്ന് സൈന്യം ആവര്‍ത്തിച്ചു.
കുറ്റവാളികള്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും  അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കുന്നതിന് പഞ്ചാബ് പോലീസിനും മറ്റ് ഏജന്‍സികള്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും സൈന്യം അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നാണ് ബതിന്ദ മിലിട്ടറി സ്‌റ്റേഷന്‍.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News