Sorry, you need to enable JavaScript to visit this website.

റിജേഷും ജിഷയും മരിച്ചത് അയൽവാസികൾക്ക് ഇഫ്താർ ഒരുക്കുന്നതിനിടെ, സങ്കടം മാറാതെ ദേര

ദുബായ്- വിഷു ദിവസം അയൽവാസികൾക്ക് ഇഫ്താർ വിരുന്നൊരുക്കുന്നതിനിടെയാണ് ദുബായ് ദേരയിലെ തീപ്പിടിത്തം മലയാളി ദമ്പതികളുടെ ജീവൻ കവർന്നത്. പതിനാറു പേരുടെ മരണത്തിന് ഇടയാക്കിയ ദുബായ് ദേര അപ്പാർട്ട്‌മെന്റിലുണ്ടായ വൻ തീപിടിത്തത്തിൽ കേരളത്തിൽ നിന്നുള്ള റിജേഷ് കളങ്ങാടൻ (38), ഭാര്യ ജെഷി കണ്ടമംഗലത്ത് (32) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം തങ്ങളുടെ അയൽവാസികൾക്ക് ഇഫ്താർ ഒരുക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച റിജേഷും ജെഷിയും വിഷു ആഘോഷിച്ചിരുന്നു. വാഴയിലയിൽ വിളമ്പിയ സദ്യ വൈകിട്ട് കേരളത്തിൽനിന്നുളള അയൽവാസികൾക്കായി ഇഫ്താർ കൂടി ഒരുക്കുകയായിരുന്നു റിജേഷും ജെഷിയും. ട്രാവൽ ആൻഡ് ടൂറിസം കമ്പനിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായിരുന്നു റിജേഷ്. ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ് ജിഷി.

തീപിടിത്തമുണ്ടായ 405 ഫഌറ്റിനോട് ചേർന്നുള്ള 406ലാണ് ദമ്പതികൾ താമസിച്ചിരുന്നത്. എല്ലാവരുമായും ഏറെ സൗഹാർദ്ദത്തോടെ ചെലവിട്ടവരായിരുന്നു ഇവരെന്ന് 409-ാം നമ്പർ അപ്പാർട്ട്‌മെന്റിൽ ഏഴ് റൂംമേറ്റുകൾക്കൊപ്പം താമസിക്കുന്ന റിയാസ് കൈക്കമ്പം പറഞ്ഞു. മുഴുവൻ ഉത്സവനാളുകളിലും ഇവർ അയൽവാസികളെ തങ്ങളുടെ മുറികളിലേക്ക് ക്ഷണിക്കാറുണ്ടായിരുന്നു. 

'നേരത്തെ ഓണത്തിനും വിഷുവിനും ഉച്ചഭക്ഷണത്തിന് ഞങ്ങളെ ക്ഷണിച്ചിരുന്നു. ഇത്തവണ റംസാൻ ആയതിനാൽ ഇഫ്താറിന് വരാൻ പറഞ്ഞുവെന്ന് റിയാസ് കൈക്കമ്പം പറഞ്ഞു. ദമ്പതികളെ അവരുടെ അപ്പാർട്ട്‌മെന്റിന് പുറത്താണ് താൻ അവസാനമായി കണ്ടത്. ഉച്ചയ്ക്ക് 12.35 ന് റിജേഷിന്റെ അവസാനത്തെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടു. ഞായറാഴ്ച ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ എന്നെ സഹായിച്ചയാൾ, എന്നെ ഇഫ്താറിനായി ക്ഷണിച്ചയാൾ പോയി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല-തീപിടിത്തസമയത്ത് വീട്ടിലില്ലാതിരുന്ന അദ്ദേഹത്തിന്റെ സഹമുറിയൻ സുഹൈൽ കോപ്പ പറഞ്ഞു: 'ഞങ്ങളുടെ അയൽക്കാരെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ വളരെയധികം തകർന്നിരിക്കുന്നു. ഞങ്ങൾ ദിവസവും കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ആളുകളാണ് അവർ. അവരില്ലാതെ ജീവിക്കാൻ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് ഹൃദയഭേദകമാണെന്നും സുഹൈൽ പറഞ്ഞു. 

 

തീപ്പിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം കരിപ്പൂർ വിമാനത്താവളം വഴി വേങ്ങരയിലെ വീട്ടിൽ എത്തിച്ചു. ദേരയിലെ താമസ കെട്ടിടത്തിൽ ശനിയാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റത്. മലയാളി ദമ്പതികൾക്ക് പുറമെ, തമിഴ്‌നാട് സ്വദേശികളായ ഗുഡു സാലിയക്കുണ്ട്, ഇമാം കാസിം അബ്ദുൽ ഖാദർ എന്നിവരും മരിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. പത്ത് പാക്കിസ്ഥാൻ സ്വദേശികളും നൈജീരിയ, സുഡാൻ രാജ്യക്കാരായ ഓരോരുത്തരുമാണ് മരിച്ച മറ്റുള്ളവർ.
ദുബായിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നായിഫ് ഫിർജ് മുറാർ ഏരിയയിലെ ബിൽഡിംഗിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. ഫ്രിർജ് മുറാർ തലാൽ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്ന ബിൽഡിംഗാണിത്. അഞ്ചുനില കെട്ടിടത്തിന്റെ നാലാം നിലയിൽ തീ പടരുകയായിരുന്നു. റിജേഷും ജിഷിയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീപ്പിടിച്ചത്. ഈ പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചു. ശനിയാഴ്ച ഉച്ചക്ക് 12.35 നാണ് തീപ്പിടിത്തത്തെ കുറിച്ച് സിവിൽ ഡിഫൻസ് ഓപറേഷൻസ് റൂമിൽ അറിയിപ്പ് ലഭിച്ചത്. ആറ് മിനിറ്റിനുള്ളിൽ ഉച്ചക്ക് 12.41 ന് ദുബായ് സിവിൽ ഡിഫൻസ് ഹെഡ്ക്വാർട്ടേഴ്‌സിൽ നിന്നുള്ള ഒരു സംഘം അപകട സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. പോർട്ട് സഈദ് ഫയർ സ്റ്റേഷനിലെയും ഹംരിയ ഫയർ സ്റ്റേഷനിലെയും ടീമുകൾ അഗ്‌നിശമന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. ഉച്ചക്ക് 2.42 ഓടെ തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിൽ പെട്ടവരെ വേഗത്തിൽ തന്നെ ആശുപത്രിയിലെത്തിച്ചു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ ദുബായ് പോലീസ് മോർച്ചറിയിൽ നടപടികൾ ഏകോപിപ്പിച്ചു.


കെട്ടിട സുരക്ഷ നിബന്ധനകൾ പാലിക്കാത്തതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ദുബായ് സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. അപകട കാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ അധികൃതർ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
വേങ്ങര സ്വദേശികളായ ചേറൂർ അടിവാരം കാളങ്ങാടൻ ചന്തു-രുഗ്മിണി ദമ്പതികളുടെ മകനാണ് റിജേഷ്. അജേഷ്, ധന്യ സഹോദരങ്ങളാണ്. കിഴിശ്ശേരി തൃപ്പനച്ചി കണ്ടമംഗലത്ത് കൃഷ്ണൻ-സൗമിനി ദമ്പതികളുടെ മകളാണ് ജിഷി. മനോജ്, ഷൈജു സഹോദരങ്ങളാണ്.
 

Latest News