- സെനഗൽ 2-പോളണ്ട് 1
മോസ്‌കൊ - ലെവൻഡോവ്‌സ്‌കിയും ബ്ലാസകോവ്‌സ്‌കിയും ഗ്രോസിക്കിയും സീലിൻസ്‌കിയുമൊക്കെ അണിനിരന്ന അതിശക്തരായ പോളണ്ടിൽ നിന്ന് വിജയം 'ഇസ്‌കി' സെനഗൽ ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. 2002 ലെ അരങ്ങേറ്റത്തിൽ ഫ്രാൻസിനെ അട്ടിമറിച്ച സെനഗൽ ഇത്തവണ പോളണ്ടിന്റെ കരുത്തിനെയാണ് 2-1 ന് മുട്ടുകുത്തിച്ചത്. ടൂർണമെന്റിൽ ആദ്യ മത്സരം ജയിച്ച ഏക ആഫ്രിക്കൻ ടീമാണ് സെനഗൽ.
ആദ്യ പകുതിയിൽ സെൽഫ് ഗോളിന് മുന്നിലെത്തിയ സെനഗൽ രണ്ടാം പകുതിയിൽ വിവാദ ഗോളിലാണ് ലീഡുയർത്തിയത്. പരിക്കിന് ചികിത്സ തേടി ഗ്രൗണ്ടിലിറങ്ങിയ ഉടനെ ഓടി ഗോളിക്കുള്ള ബാക്പാസ് റാഞ്ചിയെടുത്താണ് എംബായെ നിയാംഗ് രണ്ടാം ഗോളടിച്ചത്. മുപ്പത്തേഴാം മിനിറ്റിൽ സെൽഫ് ഗോളിൽ നിന്ന് സെനഗൽ ലീഡ് നേടി. ഇദ്‌രീസ ഗുയേയുടെ ഷോട്ട് അടിച്ചകറ്റാൻ ശ്രമിക്കവേ തിയാഗൊ സിയോനെക്കിന്റെ കാലിൽ തട്ടിത്തിരിഞ്ഞ പന്ത് പോളണ്ട് ഗോളി വോയ്‌സിയേച് സെസസ്‌നിയെ നിസ്സഹായനാക്കുകയായിരുന്നു.
അറുപതാം മിനിറ്റിൽ ഗർസഗോറസ് ക്രിചോവിയാക്കിന്റെ ബാക്പാസ് തട്ടിയെടുത്ത് നിയാംഗ് സെനഗലിന്റെ ലീഡുയർത്തി. ഗോളി സെസസ്‌നിയുടെ കൂടി പിഴവായിരുന്നു ഗോളിലേക്ക് വഴിവെച്ചത്. ക്രിചോവിയാക്കിന്റെ ബാക്പാസിനായി ഗോളി പാഞ്ഞടുത്തെങ്കിലും നിയാംഗ് വെട്ടിച്ചുകയറി ഒഴിഞ്ഞ പോസ്റ്റിൽ പന്ത് നിക്ഷേപിച്ചു.
എൺപത്താറാം മിനിറ്റിൽ ഹെഡറിലൂടെ ഗോൾ മടക്കി ക്രിചോവിയാക് പ്രായശ്ചിത്തം ചെയ്‌തെങ്കിലും സമനില ഗോൾ കണ്ടെത്താൻ പോളണ്ടിന് സാധിച്ചില്ല. കഴിഞ്ഞ അഞ്ച് തവണ ലോകകപ്പ് കളിച്ചപ്പോഴും പോളണ്ടിന്റെ ആദ്യ മത്സരങ്ങൾ ഗോൾരഹിത സമനിലകളായിരുന്നു.
ഗോളടി വീരന്മാരായ റോബർട് ലെവൻഡോവ്‌സ്‌കിയും സാദിയൊ മാനെയും തമ്മിലുള്ള പോരാട്ടമായി വിലയിരുത്തപ്പെട്ട കളിയിൽ ഇരുവരും ഗോളടിച്ചില്ല. മാനെയുടെ പാസാണ് സെൽഫ് ഗോളിന് വഴിവെച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോളിലേക്ക് കുതിച്ച ലെവൻഡോവ്‌സ്‌കിയെ വീഴ്ത്തിയ സാലിഫ് സാനെ ചുവപ്പ് കാർഡ് കാണാതിരുന്നത് ഭാഗ്യം കൊണ്ടാണ്.