ലക്‌നൗ - പട്ടാപകൽ പോലീസ് സാന്നിധ്യത്തിൽ അക്രമിസംഘം വെടിവെച്ചുകൊന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ എം.പിയുമായ ആതിഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിലും കഴുത്തിലുമായി ആതിഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി. അഞ്ചംഗ ഡോക്ടർമാരാണ് ഇരുവരുടെയും പോസ്റ്റ്‌മോർട്ടം നടത്തിയത്.
22 സെക്കൻഡിനിടെ 17 റൗണ്ട് വെടിവെപ്പിൽ 13 വെടിയുണ്ടകളാണ് ഇരുവരുടെയും ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. ആതിഖിന് തലയിലാണ് ഒരു വെടിയേറ്റത്. മറ്റ് എട്ടെണ്ണം കഴുത്തിലും നെഞ്ചിലും പുറത്തുമാണ് ഏറ്റതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആതിഖിന്റെ സഹോദരൻ അഷ്‌റഫിന്റെ ശരീരത്തിൽനിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അഷ്‌റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റത്. മാധ്യമപ്രവർത്തകരുടെ ക്യാമറയ്ക്കു മുന്നിൽ വച്ചാണ് ആക്രമികൾ ആതിഖിന്റെ തലയ്ക്കു വെടിയുതിർത്തത്. നിലത്തുവീണ ഇരുവർക്കും നേരെ അക്രമിസംഘം നിർത്താതെ വെടിയുതിർക്കുകയായിരുന്നു.