ന്യൂയോര്‍ക്ക്- ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള പലഹാരങ്ങളില്‍ ഒന്നാണ് സാന്‍വിച്ച്. രുചിയും തയ്യാറാക്കാനുള്ള എളുപ്പവും മാത്രമല്ല, നമ്മുടെ അഭിരുചിക്കനുസരിച്ച് എളുപ്പത്തില്‍ ഫ്‌ലേവറുകളും രൂപവുമൊക്കെ മാറ്റാമെന്നതും സാന്‍വിച്ചിന്റെ പ്രത്യേകതയാണ്. പൊതുവെ മിതമായ വിലയില്‍ സാന്‍വിച്ചുകള്‍ ലഭ്യവുമാണ്.
എന്നാല്‍ ന്യൂയോര്‍ക്ക് സിറ്റിയിലെ സെറന്‍ഡിപിറ്റി 3 എന്ന കഫേയിലെത്തി സാന്‍വിച്ച് കഴിക്കണമെങ്കില്‍ കൈയ്യില്‍ പതിനായിരങ്ങള്‍ കരുതണം. 214 ഡോളര്‍ അഥവാ 17,500 രൂപയാണ് ഇവിടുത്തെ സവിശേഷ സാന്‍വിച്ചിന്റെ വില. ' ക്വിന്റ്റിസെന്‍ഷല്‍ ഗ്രില്‍ഡ് ചീസ് ' സാന്‍വിച്ച് എന്നാണ് ഇതിന്റെ പേര്. യു.എസില്‍ നാഷണല്‍ ഗ്രില്‍ഡ് ചീസ് ഡേ (ഏപ്രില്‍ 12) ആഘോഷത്തിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷനായിട്ടാണ് ഈ സാന്‍വിച്ചിനെ അവതരിപ്പിച്ചിരിക്കുന്നത്.
ഭക്ഷ്യയോഗ്യമായ 23 കാരറ്റ് സ്വര്‍ണമാണ് സാന്‍വിച്ചിന്റെ അരികുകളില്‍ പൂശിയിരിക്കുന്നത്. ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ബകറായുടെ ഹൈ ക്വാളിറ്റി ക്രിസ്റ്റല്‍ പ്ലേറ്റില്‍ എത്തിക്കുന്ന സാന്‍വിച്ചിനൊപ്പം ഡിപ്പിംഗ് സോസായി നല്‍കുന്നത് വളരെ ക്രീമിയായ സൗത്ത് ആഫ്രിക്കന്‍ ലോബ്സ്റ്റര്‍ ടൊമാറ്റോ ബിസ്‌ക് ആണ്. ഇത്രയും ചേരുമ്പോഴേക്കും ക്വിന്റ്റിസെന്‍ഷല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് ശരിക്കുമൊരു റോയല്‍ സാന്‍വിച്ചായി മാറുന്നു.
മുമ്പും ക്വിന്റ്റിസെന്‍ഷല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് ഈ റെസ്റ്റോറന്റില്‍ വില്‍്പന നടത്തിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വിലകൂടിയ സാന്‍വിച്ച് എന്ന ഗിന്നസ് റെക്കാഡ് ഇതിനാണ്. 2014 മുതല്‍ ഈ റെക്കാഡ് ഈ സാന്‍വിച്ചിന് സ്വന്തമാണ്. അത്യപൂര്‍വമായ കാച്യോകവാലോ പൊഡോലികോ ചീസിന്റെ കട്ടിയേറിയ പാളികളാലാണ് ഈ സാന്‍വിച്ച് ഫില്ല് ചെയ്തിരിക്കുന്നത്. തെക്കന്‍ ഇറ്റലിയില്‍ കാണപ്പെടുന്ന പൊഡോലിക പശുവില്‍ നിന്നാണ് ഈ ചീസ് ഉത്പാദിപ്പിക്കുന്നത്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ പശുക്കള്‍ വെറും 25,000 എണ്ണം മാത്രമാണ് ലോകത്തുള്ളത്. മാത്രമല്ല, മേയ്, ജൂണ്‍ മാസങ്ങളില്‍ മാത്രമാണ് ഈ പശുക്കളില്‍ പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ഇക്കാരണങ്ങളാല്‍ ഈ ചീസ് ലോകത്തെ തന്നെ ഏറ്റവും അപൂര്‍വമായി മാറുന്നു.