ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വീണ്ടും ആശങ്ക ഉയര്‍ത്തുന്നു. പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിച്ചു. 8.40 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 9111 പേര്‍ക്കാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 10,093 ആയിരുന്നു. 5.61 ശതമാനമായിരുന്നു ഇന്നലെ പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ രാജ്യത്ത് 60,313 ആളുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം 23 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,31,114 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച് രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.68 ശതമാനമായി രേഖപ്പെടുത്തിയിട്ടുണ്ട്. രോഗം ഭേദമായവരുടെ എണ്ണം ഇന്നലെ 4,42,35,772 ആയി ഉയര്‍ന്നിരുന്നു.മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പ്രകാരം രാജ്യത്ത് 220.66 കോടി ഡോസ് കോവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യതലസ്ഥാനം കോവിഡ് ഹോട്ട് സ്പോട്ടായി മാറുകയാണ്. ഇന്നലെ 1634 പുതിയ കേസുകളാണ് ദല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 29.68 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഒരാഴ്ചയ്ക്കിടെ ദല്‍ഹിയില്‍ 24 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.