ബംഗളൂരു- ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് രാവിലെ അദ്ദേഹം കര്‍ണാടകയിലെ കോണ്‍ഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ഒമ്പത് മണിക്ക് ബംഗളൂരു കെപിസിസി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഷെട്ടാറുടെ പാര്‍ട്ടി പ്രവേശം അറിയിച്ചത്. ഹൂബ്ലി - ധര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഷെട്ടാര്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുതിര്‍ന്ന പാര്‍ട്ടി നേതാവും ലിംഗായത്ത് വിഭാഗത്തില്‍ നിര്‍ണായക സ്വാധീനവുമുള്ള ലക്ഷ്മണ്‍ സാവഡി സീറ്റ് ലഭിക്കാതെ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഷെട്ടാറും പാര്‍ട്ടിവിട്ടത്. കഴിഞ്ഞ ദിവസം നിയമസഭാംഗത്വവും പാര്‍ട്ടി സ്ഥാനവും രാജിവച്ചതിന് പിന്നാലെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വീട്ടീല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, രണ്‍ദീപ് സുര്‍ജെവാല, സിദ്ധരാമയ്യ എന്നിവരും മറ്റ് മുതിര്‍ന്ന നേതാക്കളും ഷെട്ടാറുമായി സുദീര്‍ഘമായി ചര്‍ച്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുമായും ഫോണിലൂടെ അദ്ദേഹം സംസാരിച്ചതായി സൂചനയുണ്ടായിരുന്നു.നിയമസഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റോ, ഗവര്‍ണര്‍ പദവിയോ നല്‍കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഷെട്ടാറിനെ അറിയിച്ചെങ്കിലും അതിന് തയ്യാറാകാതെയാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ചത്. തര്‍ക്കങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന കര്‍ണാടക ബിജെപിയ്ക്ക് വലിയ തലവേദനയായിരിക്കുകയാണ് മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.