ന്യൂദല്‍ഹി - ബെംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഡാലോചനയിലും തനിക്ക് പങ്കില്ലെന്ന് അബ്ദുള്‍ നാസര്‍ മദനി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയാല്‍ തെളിവ് നശിപ്പിക്കുമെന്നത് സര്‍ക്കാറിന്റെ വാദം മാത്രമാണെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞു. ആരോഗ്യ സ്ഥിതി വളരെ മോശമായതിനാല്‍ ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നിലവില്‍ ബെംഗളൂരുവില്‍ ജാമ്യത്തിലുള്ള അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ത്ത് കര്‍ണ്ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനുള്ള മറുപടിയിലാണ് ബെംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഡാലോചനയിലും തനിക്ക് പങ്കില്ലെന്ന് മദനി ബോധിപ്പിച്ചത്. തനിക്ക് ഒരു ഭീകര സംഘടനയുമായി ബന്ധമില്ല, പ്രതി ചേര്‍ത്തിരിക്കുന്നത് ഗൂഢാലോചന കേസില്‍ മാത്രമാണ്, വ്യക്ക തകരാറിലായതിനാല്‍ അത് മാറ്റിവെയ്ക്കാന്‍ ചികിത്സ തേടണമെന്നും മഅദനി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. വിചാരണ ദിവസവും നടക്കുന്നുവെന്ന കര്‍ണ്ണാടക സര്‍ക്കാറിന്റെ വാദം തെറ്റാണ്. മാസത്തില്‍ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നത്. മദനിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചത്.