ചണ്ഡിഗഢ്- എം.പിമാരേയും എം.എല്‍.എമാരേയും ആദരപൂര്‍വം സ്വീകരിച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഹരിയാന സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ജനപ്രതിനിധികള്‍ ഓഫീസുകള്‍ സന്ദര്‍ശിക്കാനെത്തിയാല്‍ എഴുന്നേറ്റുനിന്ന് സ്വീകരിക്കണം. അവരെ ഉപചാരപൂര്‍വം യാത്രയാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നു.
എം.പിമാരും എം.എല്‍.എമാരും വരുമ്പോള്‍ കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥര്‍ അതീവ ശ്രദ്ധയും ഉപചാരവും പുലര്‍ത്തണമെന്നാണ് ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നല്‍കി സ്വീകരിക്കാനുള്ള ഏര്‍പ്പാടുകള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഓഫീസുകള്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ പ്രദേശത്തെ എം.പിയേയും എം.എല്‍.എമാരേയും നിര്‍ബന്ധമായും ക്ഷണിച്ചിരിക്കണം. വേദിയില്‍ ഇവര്‍ക്ക് സൗകര്യപ്രദമായ സീറ്റുകള്‍ ഒരുക്കുകയും വേണം. ജനപ്രതിനിധികള്‍ പറയുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധാപൂര്‍വം കേള്‍ക്കണമെന്നും അവരോട് കൃതജ്ഞതയും പരിഗണന നല്‍കണമെന്നും സര്‍ക്കുലര്‍ പറയുന്നു. നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതി ലഭിച്ചാല്‍ അന്വേഷണത്തിനുശേഷം ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്ന് സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു.