റിയാദ്- ഏപ്രിൽ 20 ന് സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നതിനാൽ വ്യാഴാഴ്ച മാസപ്പിറവി കണ്ടേക്കാനിടയില്ലെന്ന് ഗോളശാസ്ത്രഞ്ജർ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സമ്പൂർണമായും മറ്റിടങ്ങളിൽ ഭാഗികമായും സംഭവിക്കുന്ന ഗ്രഹണം മൂലം സൗദിയിലും ഈജിപ്തിലുമുൾപ്പെടെ നിരവധി അറബ് രാഷ്ട്രങ്ങളിൽ റമദാൻ 29 ന് ശവ്വാൽ മാസപ്പിറവി കണ്ടേക്കില്ല. ഏപ്രിൽ 20 ന് ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും ചന്ദ്രനുണ്ടാകുക. സൂര്യോദയത്തോടെ ചന്ദ്രൻ ഉദിക്കുകയും അസ്തമയത്തോടൊപ്പം അസ്തമിക്കുകയും ചെയ്യുന്ന ചന്ദ്രനിലെ പ്രകാശം പ്രതിഫലിപ്പിക്കുന്ന ഭാഗം സൂര്യനിലേക്കാകുകയും ഇരുണ്ട ഭാഗം ഭൂമിയുടെ നേരയാകുകയും ചെയ്യുന്ന അമാവാസി(കറുത്തവാവ്) ആയതിനാൽ പിറവി ദർശിക്കാനുള്ള സാധ്യതയും വിരളമാണെന്ന് ഈജിപ്ത് ദേശീയ വാന നിരീക്ഷണ കേന്ദ്രം വക്താവ് പ്രൊഫസർ അശ്റഫ് താരീസ് അഭിപ്രായപ്പെട്ടു. വെളിച്ചക്കുറവുള്ള സൂക്ഷ്മ ഗോളങ്ങളെയും നക്ഷത്രക്കൂട്ടങ്ങളെയും മറ്റും നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ വാനനിരീക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന രാത്രിയാണ് ഏപ്രിൽ 20 എന്ന് പ്രൊഫസർ അഷ്റഫ് കൂട്ടിച്ചേർത്തു. കാഴ്ചയെ അവലംബിച്ചു പിറവി ഉറപ്പിക്കുന്നതിനാൽ ഏപ്രിൽ 20 വ്യാഴാഴ്ച (റമദാൻ 29) വൈകിട്ട് പിറവി നിരീക്ഷിക്കാൻ സൗദി പണ്ഡിത സമിതി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.