ന്യൂദൽഹി- ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ ഞെട്ടിക്കുന്ന ആരോപണങ്ങൾ ഇന്ത്യൻ മാധ്യമങ്ങൾ അവഗണിച്ചതിൽ നിരാശ വ്യക്തമാക്കി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. 'ഇക്കാര്യത്തിൽ സത്യസന്ധമായ വിവരങ്ങൾ വെളിപ്പെടുത്താൻ മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. സത്യപാലിന്റെ വെളിപ്പെടുത്തൽ അവഗണിക്കുന്നതിൽ ദേശീയ സുരക്ഷാ താൽപ്പര്യങ്ങളൊന്നുമില്ലെന്നും സത്യപാലിന്റെ വെളിപ്പെടുത്തൽ അവഗണിക്കുന്നത് ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ താൽപ്പര്യങ്ങളെ മാത്രമേ സഹായിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മാരകമായ പുൽവാമ ഭീകരനെ തടയുന്നതിൽ സർക്കാർ ഏജൻസികളുടെ ഭാഗത്തുനിന്ന് കാര്യമായ വീഴ്ചകളുണ്ടായെന്ന് ജമ്മു കശ്മീർ ഗവർണർ എന്ന നിലയിൽ ചൂണ്ടിക്കാണിച്ചപ്പോൾ നിശബ്ദത പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടതായി ദ വയറിന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ മാലിക് ആരോപിച്ചിരുന്നു. 2019ൽ സെൻട്രൽ റിസർവ് പോലീസ് സേനയിലെ 40 സൈനികർ കൊല്ലപ്പെട്ട സംഭവത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുണ്ടായത്.
മാലിക്കിന്റെ വെളിപ്പെടുത്തലുകളിൽനിന്നുള്ള ചില കാര്യങ്ങൾ തരൂർ സംഗ്രഹിച്ചു.
1) സി.ആർ.പി.എഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ ഹെലികോപ്റ്റർ വഴി കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
2) തിരഞ്ഞെടുത്ത റൂട്ട് സുരക്ഷയുള്ളതാക്കിയില്ല. വാഹനവ്യൂഹത്തെ ആക്രമിക്കാൻ തീവ്രവാദികൾക്ക് ഉപയോഗിക്കാവുന്ന ലിങ്ക് റോഡുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
3) പാക്കിസ്ഥാനിൽ നിന്നുള്ള 300 കിലോ ആർ.ഡി.എക്‌സ് വഹിച്ച കാർ കശ്മീരിൽ പ്രവേശിച്ച് പത്തു ദിവസത്തോളം തടസ്സമില്ലാതെ ചുറ്റിനടന്നു.
4) പ്രധാനമന്ത്രിയോടും ദേശീയ സുരക്ഷ ഏജൻസിയോടും രഹസ്യാന്വേഷണ, സുരക്ഷാ വീഴ്ചകളെക്കുറിച്ച് സത്യപാൽ മാലിക് പറഞ്ഞു. എന്നാൽ അവയെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് മോഡിയും ഡോവലും നിർദ്ദേശിച്ചു.
5. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ച്, ഭരണഘടനാപരമായി മാറ്റത്തിന് ഗവർണർ അനുമതി നൽകേണ്ടതുണ്ടെങ്കിലും അവസാന നിമിഷമാണ് ഗവർണറെ അറിയിച്ചത്. ജമ്മു കശ്മീരിനെ ഒരു സംസ്ഥാനത്തിൽ നിന്ന് കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയത് കശ്മീരി അഭിമാനത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ഗവർണർ മാലിക്കിന് തോന്നി.
ഇത്തരം ആരോപണങ്ങളെല്ലാം രാജ്യത്തിന് ആശങ്കയുണ്ടാക്കേണ്ട ദേശീയ സുരക്ഷയുടെ വിഷയങ്ങളാണെന്നും എന്നാൽ മാധ്യമങ്ങൾക്ക് എങ്ങനെയാണ് ഇത്തരം പ്രധാന വാർത്തകൾ അവഗണിക്കാനാവുകയെന്നും തരൂർ ചോദിച്ചു. സർക്കാരിന് മാധ്യമങ്ങളെ ഇത്തരത്തിൽ കബളിപ്പിക്കാൻ കഴിയുമെങ്കിൽ ഞങ്ങളൊരു ജനാധിപത്യ രാജ്യമാണെന്ന് അവകാശപ്പെടുന്നത് അവസാനിപ്പിക്കണമെന്നും തരൂർ ട്വീറ്റ് ചെയ്തു. 40 ജവാന്മാർ നമ്മിലേക്ക് മടങ്ങിവരില്ല, പക്ഷേ അവരും നമ്മുടെ രാജ്യവും സത്യമറിയാൻ അർഹതപ്പെട്ടവരാണെന്നും തരൂർ പറഞ്ഞു.
This thread summarises the startling revelations in ex-J&K Governor Satyapal Malik’s interview with Karan Thapar in @thewire_in which has been shamefully under-reported by our media:
— Shashi Tharoor (@ShashiTharoor) April 16, 2023
1. CRPF asked for aircraft to fly their personnel; this was refused by the Home Ministry.
പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുരക്ഷാ വീഴ്ച സംഭവിച്ചെന്നും ഇക്കാര്യം പരാമർശിച്ചപ്പോൾ മിണ്ടരുതെന്ന് മോഡിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് ആവശ്യപ്പെട്ടെന്നും സത്യപാൽ മാലിക് 'ദി വയർ' ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ചുനിൽക്കുന്നുവെന്നും പ്രത്യാഘാതങ്ങളെ കുറിച്ച് ഭയമില്ലെന്നും അദ്ദേഹം പിന്നീട് വ്യക്തമാക്കി.
2019 ഫെബ്രുവരി 14ന് നടന്ന പുൽവാമ ആക്രമണം 40 പട്ടാളക്കാരുടെ വീരമൃത്യുവിനാണ് കാരണമായത്. അന്ന് സത്യപാൽ മാലിക്കായിരുന്നു ജമ്മു കശ്മീർ ഗവർണർ. പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായത് നമ്മുടെ തകരാറ് കൊണ്ടായിരുന്നുവെന്ന് കരൺ താപ്പറുമായുള്ള അഭിമുഖത്തിൽ തുറന്നടിക്കുകയാണ് സത്യപാൽ മാലിക്. ജവാന്മാരുടെ യാത്രക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിമാനം നിഷേധിച്ചതാണ് അവരുടെ മരണ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സി.ആർ.പി.എഫ് വിമാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിരസിച്ചു. പുൽവാമ ആക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി മോഡി തന്നെ വിളിച്ചുവെന്നും വീഴ്ചയെ കുറിച്ച് തൽക്കാലം ഒന്നും പറയരുതെന്ന് നിർദേശിക്കുകയും ചെയ്തുവെന്ന് സത്യപാൽ മാലിക് പറഞ്ഞു.
പുൽവാമയിലെ സി.ആർ.പി.എഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം സി.ആർ.പി.എഫിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും വീഴ്ചയാണ്.പാക്കിസ്ഥാന് മേൽ കുറ്റം ചുമത്തി സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുക എന്നതാണ് ഉദ്ദേശ്യമെന്ന് ഉടൻതന്നെ താൻ മനസ്സിലാക്കിയതായും മാലിക് പറഞ്ഞു. 300 കിലോഗ്രാം ആർ.ഡി.എക്‌സ് സ്‌ഫോടക വസ്തുക്കളുമായി പാക്കിസ്ഥാനിൽ നിന്നെത്തിയ കാർ ആരുമറിയാതെ ജമ്മു കശ്മീരിലെ റോഡുകളിലും ഗ്രാമങ്ങളിലും 10-15 ദിവസത്തോളം ചുറ്റിക്കറങ്ങി എന്നത് ഇന്റലിജൻസ് വിഭാഗത്തിന്റെ അതിഗുരുതര പരാജയമാണെന്നും മാലിക് പറഞ്ഞു.
സർക്കാരിനും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാൻ പുൽവാമ ഭീകരാക്രമണത്തെ ഉപയോഗിച്ചു. പ്രധാനമന്ത്രിക്ക് കശ്മീരിനെക്കുറിച്ച് യാതൊരു അറിവുമില്ല. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത് തെറ്റാണെന്നും ഉടൻ പുനഃസ്ഥാപിക്കണമെന്നും മാലിക് ആവശ്യപ്പെട്ടു. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സർക്കാർ എടുത്തുകളയുമ്പോഴും സത്യപാൽ മാലിക് ആയിരുന്നു ഗവർണർ.
രാജ്യത്ത് നടക്കുന്ന അഴിമതി പ്രധാനമന്ത്രിക്ക് ഒരു വിഷയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020 ഓഗസ്റ്റിൽ തന്നെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് നീക്കി മേഘാലയയിലേക്ക് അയച്ചത് നിരവധി അഴിമതികൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനാലാണ്.പ്രധാനമന്ത്രിക്ക് ചുറ്റുമുള്ള ആളുകൾ അഴിമതി നടത്തുകയാണ്. പലപ്പോഴും പ്രധാനമന്ത്രിയുടെ പേര് ഇതിനായി ഉപയോഗിക്കുന്നുണ്ട്.ഇതെല്ലാം മോഡിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അദ്ദേഹം കാര്യമാക്കുന്നില്ലെന്നും മാലിക് കുറ്റപ്പെടുത്തി.
അദാനി അഴിമതിയെക്കുറിച്ച് രാഹുൽ ഗാന്ധി ശരിയായ ചോദ്യങ്ങളാണ് ഉന്നയിച്ചതെന്നും അവയ്ക്ക് ഉത്തരം നൽകാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും മാലിക് പറഞ്ഞു. അദാനി അഴിമതി പ്രധാനമന്ത്രിക്ക് കനത്ത തിരിച്ചടിയായെന്നും ഇത് സാധാരണക്കാരിലേക്ക് എത്തിയിട്ടുണ്ടെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയെ ഇത് സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ആരൊക്കെ കാണണം എന്നത് പോലും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രി ബി.ബി.സി വിഷയത്തെ കൈകാര്യം ചെയ്ത രീതി തെറ്റാണെന്നും പ്രധാനമന്ത്രിയുടെയും പല മന്ത്രിമാരുടെയും മുസ്‌ലിം സമുദായത്തെ കുറിച്ചുള്ള നിലപാട് ശരിയല്ലെന്നും മാലിക് പറഞ്ഞു.