തൃശൂര്‍- വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ മോഷണം നടത്താന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തൃശൂരില്‍ കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കാഞ്ഞാണി സ്വദേശിയായ ബാബു എന്നയാള്‍ ഒരു യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചത്. ഉടന്‍തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബാബുവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് വ്യക്തമല്ല. തൃശൂര്‍ തളിക്കുളം കൊപ്രക്കളത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറില്‍ യാത്ര ചെയ്തിരുന്ന ഒരു കുടുംബത്തിലെ രണ്ടുപേരാണ് മരിച്ചത്. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ ഷൈജു (49), ഭാര്യ ശ്രീജ (44), മകള്‍ അഭിരാമി (11) എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുവായൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസില്‍ ഇടിക്കുകയായിരുന്നു.