വൈശാലി (ബിഹാർ) - ഇതര ജാതിയിൽ പെട്ടവരുമായുള്ള പ്രണയത്തിന്റെ പേരിൽ മാതാപിതാക്കൾ തങ്ങളുടെ രണ്ടു പെൺമക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. 16ഉം 18ഉം വയസ്സായ രണ്ടു പെൺമക്കളും രണ്ട് വ്യത്യസ്ത ജാതിയിൽ പെട്ട യുവാക്കളുമായി പ്രണയത്തിലായിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനാലാണ് കൊലപ്പെടുത്തിയതെന്ന് കുട്ടികളുടെ മാതാവ് പോലീസിനോട് വെളിപ്പെടുത്തി. ബീഹാറിലെ വൈശാലി ജില്ലയിലെ സരായ് പോലീസ് സ്‌റ്റേഷൻ പിധിയിലെ മണി ഭകുർഹർ ഗ്രാമത്തിലാണ് സംഭവം.
റോഷ്‌നിയും തന്നുകുമാരിയുമാണ് കൊല ചെയ്യപ്പെട്ടത്. ഇരുവരും ഉറങ്ങിക്കിടക്കുമ്പോൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടികളുടെ മാതാവ് റിങ്കു ദേവി പോലീസിനോട് പറഞ്ഞു. ആദ്യം മൂത്ത മകളെയും പിന്നീട് ഇളയ മകളെയും കൊലപ്പെടുത്തുകയായിരുന്നു. പോലീസെത്തുമ്പോൾ ഇവർ മക്കളുടെ മൃതദേഹങ്ങൾക്കരികെ ഇരിക്കുകയായിരുന്നു. കുട്ടികളുടെ അച്ഛൻ നരേഷ് ഭായ്ത ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പറഞ്ഞു.