ലഖ്‌നൗ - സമാജ്‌വാദി പാര്‍ട്ടി മുന്‍ എം പിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. പോലീസിന്റെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന കൊലപാതകം ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. .സംസ്ഥാനത്താകെ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ നാളെ മുതലുള്ള അവധികള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. വൈദ്യചികിത്സയ്ക്കായി പ്രയാഗ്രാജ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അതിഖ് അഹമ്മദും അഷ്‌റഫ് അഹമ്മദും വെടിയേറ്റ് മരിച്ചത്. വെടിവെച്ച ശേഷം അക്രമികള്‍ ജയ്ശ്രാറാം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. മകന്‍ അസദ് അഹമ്മദിന്റെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മുന്‍ എം.പിയായ അതിഖ് അഹമ്മദ് കൊല്ലപ്പെട്ടത്. മകന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അതിഖ് വെള്ളിയാഴ്ച മജിസ്‌ട്രേറ്റിനോട് അനുമതി തേടിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതിഖ് അഹമ്മദിന്റെ ഗുണ്ടാസംഘത്തെ ഉന്മൂലനം ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറപ്പ് നല്‍കിതയതിന് പിന്നാലെയാണ് കൊലപാതകം നടന്നത്.