Sorry, you need to enable JavaScript to visit this website.

ബാങ്ക് അക്കൗണ്ട് വെട്ടിപ്പിന് അധികൃതരും കൂട്ട്; കൊടും കൊള്ളയിലും കണ്ണ് തുറക്കാതെ സർക്കാർ

കോഴിക്കോട് - കേരളത്തിലും മറുനാട്ടിലുമുള്ള മലയാളി ബാങ്ക് അക്കൗണ്ട് ഉടമകൾ തങ്ങളുടേതല്ലാത്ത കാരണത്താൽ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട് കൊടും കെണിയിൽ അകപ്പെട്ടിട്ടും കണ്ണ് തുറക്കാതെ രാഷ്ട്രീയ പാർട്ടികളും ഭരണകൂടവും. 
 പ്രവാസികൾ അടക്കമുള്ള ഒട്ടേറെ പേരുടെ ബാങ്ക് അക്കൗണ്ടാണ് ഒരു സുപ്രഭാതത്തിൽ മരവിപ്പിക്കപ്പെട്ടത്. നൂറുകൂട്ടം ആവശ്യങ്ങൾക്കായി സ്വരുക്കൂട്ടിയതോ വായ്പയായി വാങ്ങിച്ചതോ നിത്യവൃത്തിക്കുവേണ്ടി പ്രതീക്ഷിച്ചതോ ആയ സാമ്പത്തിക ഇടപാടുകൾ ഒരു കാരണവുമില്ലാതെ വിനിമയം പൂർണമായും തടയപ്പെട്ട സാഹചര്യം. ഇതിന്റെ പേരിൽ തങ്ങളുടെ വിലപ്പെട്ട സമയവും പണവും ആരോഗ്യവും അനാവശ്യമായ സമ്മർദ്ദവും പേറുകയാണ് ഡസൻ കണക്കിന് ബാങ്ക് അക്കൗണ്ട് ഉടമകൾ.
  അങ്ങനെ, വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കടുത്ത തീയും പുകയുമായി ഇടപാടുകാർ ശ്വാസം മുട്ടുമ്പോഴും സംസ്ഥാന ഭരണകൂടത്തിനോ പ്രതിപക്ഷത്തിനോ കേന്ദ്ര സർക്കാറിനോ ഇപ്പോഴും പ്രശ്‌നത്തിന്റെ ഗൗരവം തിരച്ചറിയാനോ പരിഹാരമുണ്ടാക്കാനോ സാധിച്ചിട്ടില്ല എന്നതാണ് സത്യം!
 ഒരു ഉപയോക്താവും ബാങ്കും തമ്മിലുള്ള നേരിട്ട ഇടപാടാണ് അയാളുടെ അതല്ലെങ്കിൽ അവളുടെ ബാങ്ക് അക്കൗണ്ട്. ആ ഒരു ഉപയോക്താവിന്റെ അക്കൗണ്ട് അയാൾ/അവൾ അറിയാതെ മരവിപ്പിക്കാൻ ആർക്കാണ് അധികാരമെന്നത് ബാങ്കുകൾക്ക് അറിയാത്ത കാര്യമല്ല. പക്ഷേ, ആ ഉപയോക്താവിനെ വിശ്വാസത്തിലെടുക്കാൻ, ഒന്നു കേൾക്കാൻ പോലും പല ബാങ്കുകളും തയ്യാറായില്ലെന്നാണ് പലരുടെയും സങ്കടം. അവർ കള്ളപ്പണക്കാർക്കും കൈക്കൂലിക്കാർക്കും വ്യാജ പരാതിക്കാർക്കും പിന്നിൽ നിന്ന് തങ്ങളുടെ വിശ്വസ്തരായ അക്കൗണ്ട് ഉടമകൾക്ക് മുട്ടൻ പണി കൊടുക്കാൻ മറയത്തു നിർത്തിയ അനുഭവമാണ് പലരും വേദനയോടെ പങ്കുവെച്ചത്. വഞ്ചിക്കപ്പെട്ട അക്കൗണ്ട് ഉടമയ്ക്ക് ഒരു ഇ-മെയിൽ ഐ.ഡി അതല്ലെങ്കിൽ ഫോൺ നമ്പറും അഡ്രസ്സും കൊടുത്താൽ തങ്ങളുടെ ഭാഗം അവസാനിച്ചുവെന്ന മട്ടിൽ തീർത്തും നിരുത്തരവാദപരമായ രീതിയിൽ കൈമലർത്തുന്ന സമീപനവും ചില ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായി.
 അധ്വാനിച്ചുണ്ടാക്കിയ പണം പല ആവശ്യങ്ങൾക്കായി കൂടുതൽ സുരക്ഷയോർത്ത് ബാങ്കിലിട്ട പാവങ്ങളെ പിഴിയുന്ന, കൂടുതൽ പിച്ചക്കാരാക്കുന്ന മഹാ ക്രൂരതയാണിപ്പോൾ അക്കൗണ്ട് മരവിപ്പിക്കലൂടെ അരങ്ങേറിയത്. രാജ്യത്ത് ഒരു നിയമവും നീതിന്യായ സംവിധാനവും നിലനിൽക്കെയാണ് ഈ പകൽക്കൊള്ള. ബാങ്കുകളോടുള്ള ജനങ്ങളുടെ / ഇടപാടുകാരുടെ വിശ്വാസത്തിൽ കടുത്ത ഇടിവും ആശങ്കയും വളർത്തുന്ന ഇടപെടലുകളാണിപ്പോൾ ഉണ്ടായത്. സർക്കാറും ജനപ്രതിനിധികളുമെല്ലാം കൂടുതൽ ഉണരണം. നിയമം ശക്തമായി ഇടപെടണം. കുറ്റവാളികൾക്ക് തക്ക ശിക്ഷ ലഭിക്കണം. ഇരകൾക്ക് നഷ്ടപരിഹാരത്തോടെ നീതി ലഭിക്കണം. ഇതാവണം ബാങ്കുകളുടെയും ബാങ്കുകളുടെ ബാങ്കായ റിസർവ്വ് ബാങ്കിന്റെയും രാജ്യത്തെ ഭരണ-പ്രതിപക്ഷ പാർട്ടികളുടെയും നീതിന്യായ സംവിധാനങ്ങളെയും ആത്യന്തികമായി നയിക്കേണ്ടത്. എന്നാൽ അങ്ങനെയൊന്ന് സംഭവിക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം.
 രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതിലും എത്രയോ മടങ്ങ് കൂടുതൽ കേസുകൾ അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടതായാണ് കരുതുന്നത്. അതിൽ തന്നെയും 500 രൂപയും അതിൽ താഴെയുമുള്ള തുക ഇടപാട് നടത്തിയവരാണ് 70 ശതമാനത്തിൽ ഏറെയും തട്ടിപ്പിന് ഇരയായതെന്നാണ് സൂചന. വ്യാജ പരാതി നൽകിയാണ് അക്കൗണ്ട് മരവിപ്പിക്കുന്നതെന്നും ഇതിൽ പോലീസും ബാങ്ക് ഉദ്യോഗസ്ഥരും മാഫിയാ ബന്ധങ്ങളും കെട്ടുപിണഞ്ഞതിന്റെ കൃത്യമായ സൂചനകളും പുറത്തുവന്നിട്ടുണ്ട്. പക്ഷേ, എന്നിട്ടും ഇതിനെതിരെ ഫലപ്രദമായ ഒരു ഇടപെടൽ അധികാരികളിൽനിന്ന് ഉണ്ടായിട്ടില്ല. കേരളത്തിനകത്തും പുറത്തുമായി വല വിരിച്ച വലിയൊരു തട്ടിപ്പുസംഘമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.
 ചുരുക്കിപ്പറഞ്ഞാൽ, നാം സാമ്പത്തിക സുരക്ഷയോർത്ത് ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച പണം ഒട്ടും സുരക്ഷിതല്ലെന്നും, ആർക്ക് എപ്പോൾ വേണമെങ്കിലും തട്ടിയെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യാവുന്ന സ്ഥിതിയാണെന്നുമാണ് പലരുടെയും ഡിജിറ്റൽ പണമിടപാട് ദുരനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയത്. ആ നിലയ്ക്ക് വൻ സാമ്പത്തിക കുറ്റകൃത്യമാണ് ഇപ്പോഴും നമുക്ക് ചുറ്റും അരങ്ങു തകർക്കുന്നത്.
 ഒരു കുറ്റകൃത്യം രജിസ്റ്റർ ചെയ്താൽ അതിന്റെ ഭാഗമായുള്ള ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ ശിപാർശ ചെയ്യാൻ പോലീസിനാവും. എന്നാൽ, ഇവിടെ പലപ്പോഴും കേസ് പോലും രജിസ്റ്റർ ചെയ്യാതെ, പരാതിയുടെ മറപിടിച്ച് ഇത്തരം തട്ടിപ്പുകൾക്ക് കളമൊരുക്കുകയായിരുന്നു. പോലീസ് ഒത്താശയിൽ സൈബർ തട്ടിപ്പുകാർ വൻ തുക കോഴ വാങ്ങി കേസിൽ പുറത്തുനിന്ന് ഒത്തുതീർപ്പുകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കോഴിക്കോട് സ്വദേശിയായ അസ്ഹർ, മലപ്പുറം തിരൂർ സ്വദേശിയായ ഒരു പ്രവാസി ഉൾപ്പെടെയുള്ളവർക്ക് അത്തരം അനുഭവങ്ങളുമുണ്ടായി. 'പരാതിക്കു പിന്നാലെ പോയി, പരാതിക്കാരനെ കാണിച്ചുതന്നില്ലെങ്കിലും, കോഴപ്പണം കൊടുത്തതിന് പിന്നാലെ തന്റെ മരവിപ്പിച്ച അക്കൗണ്ട് രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് തട്ടിപ്പുസംഘം പുനസ്ഥാപിച്ചുവെന്നാണ്' കോഴിക്കോട് സ്വദേശിയായ അസ്ഹർ വെളിപ്പെടുത്തിയത്. പോലീസ്-ബാങ്ക്-മാഫിയാ രാജിന്റെ കണ്ണികളിലേക്കാണിത് വെളിച്ചം വീശുന്നത്. എന്നാൽ അത്തരമൊരു രീതിയിൽ അതിന്റെ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്നാണ് വിവരം.
 ഒരു സൈബർ പരാതി രജിസ്റ്റർ ചെയ്താൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാമെന്നും അങ്ങനെ അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവർ ഒത്തുതീർപ്പിനെത്തുമെന്നും കരുതുന്ന വൻ റാക്കറ്റ് വിവിധ ബാങ്കുകൾക്കും നിയമപാലകർക്കുമിടയിൽ വട്ടമിട്ട് പറക്കുകയാണ്. അതിനാലാണ് വ്യക്തിപരമായ സാമ്പത്തിക ഒത്തുതീർപ്പു ചർച്ചകളും മറ്റും പുറത്ത് നടക്കുന്നത്. ഇത് ചിലയിടത്തെങ്കിലും പോലീസിന്റെയോ മറ്റോ ഒത്താശയോടെ പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങളാണെന്നും അനുഭവസ്ഥർ പറയുന്നു. 
 ഇക്കാര്യങ്ങളിലെല്ലാം ഗൗരവമായ അന്വേഷണം നടക്കേണ്ടതാണ്. വലിയ തട്ടിപ്പും അനീതിയുമാണ് നിയമത്തിന്റെ മറപിടിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി നടക്കുന്നത്. സാമ്പത്തികരംഗം കീഴ്‌മേൽ മറിക്കാൻ ഇടയാക്കുന്ന, ബാങ്കിംഗ് മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്ന, മനുഷ്യന്റെ ദൈനംദിന ജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്ന കടുത്ത സാമ്പത്തിക ക്രിമിനൽ കുറ്റകൃത്യമാണിത്.
  ഇതിനെതിരെ ശക്തമായ നിയമ നടപടിയിലൂടെ അക്കൗണ്ട് ഉടമകളുടെ വിശ്വാസ്യത ആർജിക്കാനും അരക്ഷിതാവസ്ഥ ഒഴിവാക്കാനും ബാങ്കുകളുടെയും സർക്കാറിന്റെയും ഭാഗത്തുനിന്ന് കൂടുതൽ കുറ്റമറ്റതും സുതാര്യവുമായ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.
  സാമ്പത്തിക കുറ്റകൃത്യം നടത്തിയവരുടെ അക്കൗണ്ട് ബ്ലോക്കാക്കാതെ നിരപരാധിയായ മറ്റൊരാളുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് കടുത്ത ക്രിമിനൽ കുറ്റമായി മുന്നോട്ടു കൊണ്ടുപോകാൻ ബന്ധപ്പെട്ടവർക്ക് സാധിക്കേണ്ടതുണ്ട്. ഏറ്റവും സൂരക്ഷിതമാവേണ്ട ഒരു അക്കൗണ്ട് ഉടമയെ ദ്രോഹിക്കും മുമ്പ്, ബാങ്കുകളും പോലീസ് അധികൃതരും ശരിയായ കുറ്റവാളിയെ കണ്ടെത്തി കൂട്ടിലാക്കാനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ, അവർക്കും രാജ്യത്തെ സമ്പദ്ഘടനക്കും താങ്ങായ പാവം ഇടപാടുകരനെ വീണ്ടും ക്രൂശിക്കാനാവരുത്. നിലവിലുള്ള പരാതികളെല്ലാം സ്വീകരിച്ച് അതിന് പിന്നിൽ പ്രവർത്തിച്ചവരേ ഒന്നടങ്കം തുറന്നുകാട്ടാനും യഥാർത്ഥ തട്ടിപ്പുകാരേ ശിക്ഷിക്കാനും നടപടി ഉണ്ടാവണം.
 അങ്ങനെ, നിയമവിരുദ്ധമായ ആ തട്ടിപ്പുകേന്ദ്രങ്ങളുടെ ചുരുളഴിക്കാൻ സൈബർ, പോലീസ്, നീതിന്യായ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ ഉണ്ടായേ തീരൂ. വിവിധ ധനകാര്യ സ്ഥാപനങ്ങളും സർക്കാർ സംവിധാനങ്ങളും ഇതിനെ ഇനിയും നിസ്സംഗമായി കണ്ടാൽ അതുണ്ടാക്കുന്ന പരുക്കുകൾ അതി മാരകമാവും.

Latest News