ന്യൂദല്‍ഹി- കേരളീയരുടെ രാഷ്ട്രീയ നിലപാട് പെട്ടെന്ന് മാറുന്നതല്ലെന്നും അതുകൊണ്ടുതന്നെ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി ബി. ജെ. പി നടപടി സംസ്ഥാന രാഷ്ട്രീയത്തില്‍ ചലനങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും ഫരീദാബാദ് രൂപത ബിഷപ്പ് കുര്യാക്കോസ് പറഞ്ഞു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് മടങ്ങുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഫരീദാബാദ് ബിഷപ്പ് ബി. ജെ. പി നേതാക്കളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം അല്ല ഇന്ത്യയില്‍ മറ്റിടങ്ങളിലുള്ളത്. മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യം അടിസ്ഥാനമാക്കി കേരളത്തിലെ നീക്കങ്ങളെ വിലയിരുത്താനാകില്ലെന്നും കേരളത്തിലെ നീക്കങ്ങള്‍ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണെന്നും ബിഷപ്പ് പറഞ്ഞു.
ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ജന്ദര്‍ മന്ദറില്‍ നടന്ന സമരത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയെ കണ്ടത്. ക്രൈസ്തവരുടെ ആശങ്ക രാഷ്ട്രപതിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കഴിയും വിധം പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് രാഷ്ട്രപതി ഉറപ്പ് നല്‍കിയതായും ബിഷപ്പ് മാധ്യമങ്ങളെ അറിയിച്ചു.
ദല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂടോയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്. ഛത്തീസ്ഗഡ് സംഭവത്തില്‍ ആളുകള്‍ ജയിലാണെന്നും ഭരണ സംവിധാനത്തോട് നല്ല ബന്ധം തുടരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും ബിഷപ്പ് അറിയിച്ചു. പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഇടപെടലിനെ പോസിറ്റീവ് ആയി കാണുമെന്നും ബിഷപ്പ് പറഞ്ഞു.
രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ല. മതത്തെ വോട്ട് ബാങ്ക് രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും ബിഷപ്പ് അറിയിച്ചു.