Sorry, you need to enable JavaScript to visit this website.

സി.ബി.ഐ വിളിപ്പിച്ച കെജ്‌രിവാളിനെ ഫോണില്‍ വിളിച്ച് ഖാര്‍ഗെ

ന്യൂദല്‍ഹി- മദ്യനയക്കേസില്‍ സി.ബി.ഐ ചോദ്യംചെയ്യാനിരിക്കെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ഫോണില്‍ സംസാരിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഞായറാഴ്ചയാണ് കെജ്‌രിവാളിനോട് ഹാജരാകാന്‍ സി.ബി.ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഖാര്‍ഗെയും കെജ്‌രിവാളുമായി നടത്തിയ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നാല്‍, ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനീക്കത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കെജ്‌രിവാളിനെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖാര്‍ഗെ കെജ്‌രിവാളിനെ ഫോണില്‍ ബന്ധപ്പെട്ടിരിക്കുന്നത്.
ഞായറാഴ്ച രാവിലെ പതിനൊന്നു മണിക്കാണ് സി.ബി.ഐ ആസ്ഥാനത്ത് ഹാജരാകാന്‍ കെജ്‌രിവാളിനു നിര്‍ദ്ദേശമുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പ്രത്യേക നിയമസഭാ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

 

Latest News