ധാർ (മദ്ധ്യപ്രദേശ്) - കോവിഡ് ബാധിച്ച് മരിച്ചതായി സർക്കാർ പ്രഖ്യാപിച്ച യുവാവ് രണ്ടുവർഷത്തിനുശേഷം ജീവനോടെ തിരിച്ചെത്തി. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലെ കൺവൻ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊടഡ്കലൻ ഗ്രാമത്തിലാണ് സംഭവം. ഇവിടെയുള്ള കമലേഷ് എന്ന 41-കാരനെ ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നാണ് കണ്ടെത്തിയത്.
2021-ലെ കോവിഡ് തരംഗത്തിലാണ് കമലേഷ് കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്. കോവിഡ് മരണമായതിനാൽ അന്ന് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തിരുന്നില്ല. അന്ത്യകർമങ്ങൾ നിർവഹിച്ചതായി നഗരസഭാധികൃതർ കുടുംബത്തെ അറിയിക്കുകയായിരുന്നു.
മരിച്ചെന്ന് കരുതിയ കമലേഷിനെ ജീവനോടെ തിരിച്ചറിഞ്ഞതോടെ പ്രദേശവാസികളും മറ്റും അമ്പരപ്പിലാണ്. രണ്ട് വർഷത്തിന് ശേഷം ഭാര്യക്കും മക്കൾക്കുമടുത്ത് വീട്ടിൽ തിരിച്ചെത്തിയ കമലേഷ് സ്വന്തം മരണവാർത്തയിൽ തരിച്ചിരിക്കുകയാണ്. വീട്ടുകാരാവട്ടെ വൻ സന്തോഷത്തിലുമാണ്.
തന്നെ ആരോ ബന്ദിയാക്കി ഒരു സംഘം ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് കമലേഷ് പറഞ്ഞു. അവസരം ലഭിച്ചയുടൻ അക്രമികളുടെ പിടിയിൽ നിന്ന് ഓടിരക്ഷപ്പെട്ട് വെള്ളിയാഴ്ച രാത്രി സർദാർപൂർ തഹസിലിലെ മാതൃസഹോദരന്റെ വീട്ടിലെത്തുകയായിരുന്നുവെന്ന് കമലേഷ് പറഞ്ഞു. കോവിഡ് 19 ബാധിച്ചതിനെ തുടർന്ന് 2021 ജൂണിലാണ് കമലേഷിനെ ഗുജറാത്തിലെ ബറോഡയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കമലേഷ് ഇത്രയും നാൾ എവിടെയായിരുന്നുവെന്നും മരണ പ്രഖ്യാപനം പാളിയത് എവിടെ എന്നതടക്കം എല്ലാം വിശദമായി അന്വേഷിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.