ലണ്ടന്‍ - അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന കമ്പനിയുടെ ആവശ്യം ലണ്ടനിലെ പ്രശസ്തമായ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം നിരാകരിച്ചു.അദാനി കുടുംബത്തിന്റെ നിക്ഷേപങ്ങള്‍ സംബന്ധിച്ച ദുരൂഹതകള്‍ സംബന്ധിച്ചതായിരുന്നു റിപ്പോര്‍ട്ട്. തങ്ങളുടെ റിപ്പോര്‍ട്ട് കൃത്യമാണെന്നും ശ്രദ്ധാപൂര്‍വം തയാറാക്കിയതാണെന്നും റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് വക്താവ് പറഞ്ഞു.
അദാനി ഗ്രൂപ്പിലെ ദുരൂഹ ഫണ്ടിംഗിനെക്കുറിച്ച് മാര്‍ച്ച് 22 നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഈ റിപ്പോര്‍ട്ട് നീക്കണമെന്നാവശ്യപ്പെട്ട് ഏപ്രില്‍ പത്തിന് അദാനി ഗ്രൂപ്പ് കത്തയച്ചു.
ഗൗതം അദാനി കമ്പനികളിലേക്ക് വരുന്ന എഫ്.ഡി.ഐയില്‍ പകുതിയും അദ്ദേഹത്തിന്റെ തന്നെ കുടുംബത്തിന് പങ്കാളിത്തമുള്ള ഓഫ്‌ഷോര്‍ കമ്പനികളില്‍നിന്നാണെന്നായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസ് വെളിപ്പെടുത്തിയത്.
അദാനിയുടെ കമ്പനി സമാഹരിച്ച പണം എവിടെനിന്ന് വന്നു എന്നതിന് തെളിവില്ലെന്ന് ഇന്ന് സെബിയും വ്യക്തമാക്കിയിരുന്നു. അദാനിയുടെ 20000 കോടി എവിടെനിന്ന് വന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് അദാനി കമ്പനിയോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഉത്തരം പറഞ്ഞിട്ടില്ല.