കോഴിക്കോട് - താമരശ്ശേരിയിലെ പ്രവാസി യുവാവ് പരപ്പന്‍പൊയില്‍ കുറുന്തോട്ടിക്കണ്ടിയില്‍ മുഹമ്മദ് ഷാഫി(38)യെ തട്ടിക്കൊണ്ടു പോയത് അധോലോക നായകന് രവി പൂജാരിയുടെ സംഘമെന്ന് സൂചന. ഈ സംഘത്തിലെ പ്രധാനിയായ മോനായി എന്ന നിസാം സലീമിന്റെ നിര്‍ദ്ദേശ പ്രകാരമാണ് മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയതെന്ന ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിസാം സലീമിനെയും കൂട്ടാളികളെയും കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഷാഫിയുടെ രണ്ട് വീഡിയോകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് രവി പൂജാരിയുടെ സംഘത്തെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ പിടിയിലായവരില്‍ നിന്ന് മറ്റ് ചില നിര്‍ണ്ണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊച്ചിയിലെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ നിസാം സലീം ഇപ്പോള്‍ വിദേശത്ത് നിന്നാണ് തന്റെ ക്വട്ടേഷന്‍ സംഘത്തെ നിയന്ത്രിക്കുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. മൂഹമ്മദ് ഷാഫിയെ കാസര്‍കോഡിനും മംഗലാപുരത്തിനും ഇടയിലാണ് ഒളിവില്‍ താമസിപ്പിച്ചതെന്നാണ് നിഗമനം. അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള മുഹമ്മദ് ഷാഫിയുടെ രണ്ട് വീഡിയോകള്‍ ഒരു മലയാള ടെലിവിഷന്‍ ചാനലിന് ലഭിച്ചിരുന്നു.
സൗദി രാജകുടുംബത്തിന്റെ 325 കിലോഗ്രാം സ്വര്‍ണം താനും സഹോദരനും ചേര്‍ന്ന് മോഷ്ടിച്ചു കടത്തിയെന്നും അതിന്റെ വിഹിതം നല്‍കാത്തതിനാലാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നും മുഹമ്മദ് ഷാഫി ക്രിമിനല്‍ സംഘത്തിന്റെ കസ്റ്റഡിയില്‍ നിന്നു കൊണ്ട് വീഡിയോയില്‍ പറഞ്ഞിരുന്നു. ഷാഫിയുടെ കുടുംബത്തിലുള്ളവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അവര്‍ ചില വിവരങ്ങള്‍ മന:പൂര്‍വ്വം മറച്ചുവെയ്ക്കുന്നതായും പോലീസ് സംശയിക്കുന്നുണ്ട്.
ക്വട്ടേഷന്‍ സംഘത്തിലെ ചിലര്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ കാസര്‍കോഡ് നിന്ന് കണ്ടെത്തിയിരുന്നു. ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കരിപ്പൂരില്‍ കണ്ടെടുക്കുകയുമുണ്ടായി. ക്രിമിനല്‍ സംഘം സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്നും പോലീസിന്റെ അന്വേഷണത്തില്‍ മനസ്സിലായിട്ടുണ്ട്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വയനാടും കരിപ്പൂരും സംഘം എത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ ദുബായില്‍ ബിസിനസ് നടത്തിയിരുന്ന ആളാണ് മുഹമ്മദ് ഷാഫി. സ്വര്‍ണ്ണ-ഹവാല തട്ടിപ്പ് സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് നേരത്തെ തന്നെ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു വെളുത്ത സ്വിഫ്റ്റ് കാറിലെത്തിയവരാണ് മുഹമ്മദ്ഷാഫിയെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തട്ടിക്കൊണ്ടു പോയത്. ഷാഫിയുടെ ഭാര്യയെയും തട്ടിക്കൊണ്ടു പോകാനായി കാറില്‍ കയറ്റിയെങ്കിലും ആളുകളുടെ എണ്ണം കൂടി കാറിന്റെ ഡോര്‍ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ഇവരെ റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.