Sorry, you need to enable JavaScript to visit this website.

വൻ കുതിച്ചുചാട്ടം നടത്തി സൗദി, ലോകത്തിലെ പതിനേഴാമത്തെ സാമ്പത്തിക ശക്തി

റിയാദ് - ലോകത്തെ ഏറ്റവും വലിയ പതിനേഴാമത്തെ സാമ്പത്തിക ശക്തിയായി കഴിഞ്ഞ വർഷം സൗദി അറേബ്യ മാറിയതായി ഇതുമായി ബന്ധപ്പെട്ട ഐ.എം.എഫിന്റെയും വിദേശ രാജ്യങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകളുടെയും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം സൗദി അറേബ്യയുടെ മൊത്തം ആഭ്യന്തരോൽപാദനം 4.16 ട്രില്യൺ റിയാൽ (1.11 ട്രില്യൺ ഡോളർ) ആയി ഉയർന്നു. 2020 ൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ സൗദി അറേബ്യ 20-ാം സ്ഥാനത്തായിരുന്നു. 2021 ൽ സൗദി അറേബ്യ 18-ാം സ്ഥാനത്തും കഴിഞ്ഞ കൊല്ലം 17-ാം സ്ഥാനത്തുമെത്തി. നെതർലാന്റ്‌സിനെയും സ്വിറ്റ്‌സർലാന്റിനെയും തുർക്കിയെയും മറികടന്നാണ് രണ്ടു വർഷത്തിനിടെ സൗദി അറേബ്യ ഈ നേട്ടം സ്വന്തമാക്കിയത്. 
ജി-20 ഗ്രൂപ്പിൽ സൗദി അറേബ്യ 16-ാം സ്ഥാനം നിലനിർത്തി. 2020 ൽ ജി-20 രാജ്യങ്ങളിൽ സൗദി അറേബ്യ 18-ാം സ്ഥാനത്തായിരുന്നു. ലോക സമ്പദ്‌വ്യവസ്ഥയിൽ സൗദി അറേബ്യയുടെ വിഹിതം 2021 ൽ 0.9 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഇത് 1.1 ശതമാനമായി ഉയർന്നു. 
സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞ വർഷം മൊത്തം ആഭ്യന്തരോൽപാദനം നാലു ട്രില്യൺ റിയാലും ഒരു ട്രില്യൺ ഡോളറും മറികടക്കുന്നത്. കഴിഞ്ഞ കൊല്ലം മൊത്തം ആഭ്യന്തരോൽപാദനം 3.957 ടില്യൺ റിയാൽ (1.055 ട്രില്യൺ ഡോളർ) ആകുമെന്നാണ് ധമന്ത്രാലയം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതിലും മികച്ച പ്രകടനമാണ് സൗദി സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ വർഷം കാഴ്ചവെച്ചത്. 
2021 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം മൊത്തം ആഭ്യന്തരോൽപാദനം 33 ശതമാനം തോതിൽ വർധിച്ചു. 2021 ൽ മൊത്തം ആഭ്യന്തരോൽപാദനം 3.13 ട്രില്യൺ റിയാൽ (833.6 ബില്യൺ ഡോളർ) ആയിരുന്നു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ സാമ്പത്തിക വൈവിധ്യവൽക്കരണ പ്രോഗ്രാം വിജയിച്ചതും എണ്ണ, എണ്ണയിതര മേഖലകളിലെ വളർച്ചയുമാണ് കഴിഞ്ഞ വർഷം വലിയ തോതിലുള്ള വളർച്ചക്ക് സഹായിച്ചത്. 
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ റഷ്യ പത്താം സ്ഥാനത്തു നിന്ന് എട്ടാം സ്ഥാനത്തെത്തി. ഇറ്റലിയെയും കാനഡയെയുമാണ് റഷ്യ പിന്തള്ളിയത്. ദക്ഷിണ കൊറിയയെ പിന്നിലാക്കി ബ്രസീൽ 11-ാം സ്ഥാനത്തുമെത്തി. കഴിഞ്ഞ വർഷം ലോക രാജ്യങ്ങളുടെ മൊത്തം ആഭ്യന്തരോൽപാദനം 4.1 ശതമാനം തോതിൽ ഉയർന്ന് 100.2 ട്രില്യൺ ഡോളറിലെത്തി. 2021 ൽ ഇത് 96.31 ട്രില്യൺ ഡോളറായിരുന്നു. 
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി അമേരിക്കയാണ്. അമേരിക്കയുടെ മൊത്തം ആഭ്യന്തരോൽപാദനം 25.46 ട്രില്യൺ ഡോളറാണ്. ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 25.4 ശതമാനം അമേരിക്കയുടെ വിഹിതമാണ്. 18.1 ട്രില്യൺ ഡോളറിന്റെ ആഭ്യന്തരോൽപാദനുമായി ചൈന രണ്ടാം സ്ഥാനത്തും 4.23 ട്രില്യൺ ഡോളറുമായി ജപ്പാൻ മൂന്നാം സ്ഥാനത്തും 4.08 ട്രില്യൺ ഡോളറുമായി ജർമനി നാലാം സ്ഥാനത്തും 3.39 ട്രില്യൺ ഡോളറുമായി ഇന്ത്യ അഞ്ചാം സ്ഥാനത്തും 3.07 ട്രില്യൺ ഡോളറുമായി ബ്രിട്ടൻ ആറാം സ്ഥാനത്തും 2.78 ട്രില്യൺ ഡോളറുമായി ഫ്രാൻസ് ഏഴാം സ്ഥാനത്തും 2.22 ട്രില്യൺ ഡോളറുമായി റഷ്യ എട്ടാം സ്ഥാനത്തും 2.14 ട്രില്യൺ ഡോളറുമായി കാനഡ ഒമ്പതാം സ്ഥാനത്തും 2.01 ട്രില്യൺ ഡോളറുമായി ഇറ്റലി പത്താം സ്ഥാനത്തുമാണ്. 
ബ്രസീൽ (1.92 ട്രില്യൺ ഡോളർ), ഓസ്‌ട്രേലിയ (1.7 ട്രില്യൺ ഡോളർ), ദക്ഷിണ കൊറിയ (1.67 ട്രില്യൺ ഡോളർ), മെക്‌സിക്കോ (1.41 ട്രില്യൺ ഡോളർ), സ്‌പെയിൻ (1.4 ട്രില്യൺ ഡോളർ), ഇന്തോനേഷ്യ (1.32 ട്രില്യൺ ഡോളർ), സൗദി അറേബ്യ (1.11 ട്രില്യൺ ഡോളർ), നെതർലാന്റ്‌സ് (994 ബില്യൺ ഡോളർ), തുർക്കി (906 ബില്യൺ ഡോളർ), സ്വിറ്റ്‌സർലാന്റ് (807 ബില്യൺ ഡോളർ) എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 
 

Latest News