തിരുവനന്തപുരം - കേന്ദ്രസർക്കാർ കേരളത്തിനായി വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിച്ചതിൽ പിണറായി സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി രംഗത്ത്. 'ജനങ്ങളുടെ നെഞ്ചത്തടിച്ചു കയറ്റിയ കുറേ മഞ്ഞക്കല്ലുകളങ്ങ് തുലഞ്ഞു. അതു തന്നെയാണ് ഏറ്റവും വലിയൊരു ഐശ്വര്യം. അത്രേയുള്ളൂ. ബാക്കി കാര്യങ്ങൾ പ്രധാനമന്ത്രി സംസാരിക്കുമെന്നും' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ യാത്രക്കാർക്ക് അതിവേഗം സഞ്ചരിക്കാൻ രണ്ടു ലക്ഷം കോടി രൂപ ചെലവഴിച്ച് സിൽവർലൈൻ കൊണ്ടുവരണമെന്ന് ആഗ്രഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇനി ദുഃഖിക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതാവും റെയിൽവേ പി.എ.സി ചെയർമാനുമായ പി.കെ കൃഷ്ണദാസും സംഭവത്തിൽ പ്രതികരിച്ചിരുന്നു. നാമമാത്രമായ തുക ചെലവഴിച്ച് വന്ദേഭാരത് എക്‌സ്പ്രസിലൂടെ കേരളത്തിലുള്ളവർക്ക് അതിവേഗം സഞ്ചരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.