കണ്ണൂർ -വിഷു കച്ചവടത്തിനായി എത്തിച്ച വസ്ത്രങ്ങളെല്ലാം തീ പിടിച്ച് വൻ നാശനഷ്ടം. കണ്ണൂർ ശ്രീനാരായണ മഠത്തിന് സമീപം ഓടക്കായി നാരായണന്റെ ഉടമസ്ഥയിലുള്ള ശ്രീ ഗുരുദേവ ടെക്സ്റ്റ്‌റ്റൈയിൽസിനാണ് തീ പിടിച്ചത്. തുണിത്തരങ്ങൾക്കൊപ്പം കടയിൽ സൂക്ഷിച്ച പണവും കത്തിയമർന്നു. പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
താമരശ്ശേരിയിൽ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നാലുപേർ കൂടി കസ്റ്റഡിയിൽ
കോഴിക്കോട് - താമരശ്ശേരിയിൽ തോക്കുമായെത്തി പരപ്പൻപൊയിലിലെ ഷാഫി എന്ന പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവർ അടക്കം നാലുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി അന്വേഷണ സംഘം പറഞ്ഞു. ഇതോടെ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി.
കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ നൗഷാദ്, ഇസ്മാഈൽ ആസിഫ്, സുബൈർ, കോഴിക്കോട് നരിക്കുനി മടവൂർ സ്വദേശി മുനീർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു.
അതിനിടെ, പ്രവാസി യുവാവിനെ തണ്ടിക്കൊണ്ടു പോയതിന്റെ അന്വേഷണം ക്വട്ടേഷൻ സംഘത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമുണ്ട്. മുനീറിനെ വയനാട്ടിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. മാനന്തവാടിയിൽ ക്വാറി നടത്തുന്ന മുനീർ ക്വട്ടേഷൻ സംഘത്തിന് സഹായം ചെയ്‌തെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. മറ്റു മൂന്നുപേരെയും മഞ്ചേശ്വരത്ത് നിന്ന് സാഹസികമായാണ് വലയിലാക്കിയത്. ഇവരെ വെള്ളിയാഴ്ച രാത്രി പത്തോടെ താമരശ്ശേരിയിലെത്തിക്കുകയായിരുന്നു.
ഈ മാസം ഏഴിന് രാത്രിയാണ് പ്രവാസിയെ തോക്കുമായെത്തിയ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയത്. പ്രധാന പ്രതികളെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരുടെ ചോദ്യം ചെയ്യലിലൂടെ ശാഫിയെ തടവിലാക്കിയ ഒളികേന്ദ്രം അടക്കം കണ്ടെത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
കല്ലുകൊണ്ടിടിച്ച് യുവാവ് കൊല്ലപ്പെട്ട നിലയിൽ; ഒരാൾ കസ്റ്റഡിയിൽ
ആലപ്പുഴ - അരൂരിൽ യുവാവ് കൊല്ലപ്പെട്ടു. ചന്തിരൂർ സ്വദേശി ഫെലിക്‌സാണ് കൊല്ലപ്പെട്ടത്. മുഖത്തും തലയിലും കല്ലുകൊണ്ട് ഇടിച്ച പാടുകളുമായാണ് കണ്ടെത്തിയത്. ഉടനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മൂന്നാറിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഫെലിക്‌സ് ചന്തിരൂരിൽ എത്തിയത്. രണ്ട് ബൈക്കുകളിലായി എത്തിയ സുഹൃത്തുക്കൾ ഫെലിക്‌സുമായി തൊട്ടടുത്ത പറമ്പിലേക്ക് പോകുകയായിരുന്നു. അവിടെവെച്ച് മദ്യപിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് മുഖത്തും തലക്കും പരിക്കേറ്റ നിലയിൽ കണ്ടെത്തുകായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പ്രതികരിച്ചു.