കോഴിക്കോട് / ന്യൂഡൽഹി - നടപടിക്രമങ്ങൾ പാലിക്കാതെ, അന്യായമായി ബാങ്കുകളുടെ അക്കൗണ്ട് മരവിപ്പിക്കലിന് ഇരയായ ഉപയോക്താക്കൾ റിസർവ്വ് ബാങ്കിന് പരാതി നൽകി. തങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചത് നിയമവിരുദ്ധവും ഭരണഘടനാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി അഞ്ചു പേരാണ് പരാതിയുമായി റിസർവ്വ് ബാങ്കിനെ സമീപിച്ചത്.
ഫെഡറൽ ബാങ്കിൽ അക്കൗണ്ടുള്ള മുഹമ്മദ് അഷ്ഫാഖ്, മുഹമ്മദ് ജസീർ, അഖിൽ മൻസൂർ എന്നിവരും. കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ടുള്ള മൊയ്തീൻ, ഐ.സി.ഐ.സിയിൽ അക്കൗണ്ടുള്ള ഫോഴ്‌സ എന്ന പാർട്ട്ണർഷിപ്പ് കൂട്ടായ്മയും ചേർന്നാണ് ഇന്ന് റിസർവ്വ് ബാങ്കിനെ സമീപിച്ചത്.
ഉപയോക്താക്കളെ അറിയിക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും ഇത് നീക്കാൻ ബാങ്കുകൾക്ക് അടിയന്തര നിർദേശം നൽകണമെന്നും ഇവർ പരാതിയിൽ ആവശ്യപ്പെട്ടു. റിസർവ് ബാങ്ക് ഗവർണർക്ക് ഇ മെയിലായും റിസർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ സൂപ്പർ വിഷൻ വിഭാഗത്തിന് നേരിട്ടുമാണ് പരാതി കൈമാറിയതെന്ന് പരാതിക്കാർ അറിയിച്ചു.
ഭരണഘടനയുടെ 14, 21 എന്നി അനുഛേദങ്ങളുടെ ലംഘനമാണ് ബാങ്കുകളിൽൽനിന്നുണ്ടായത്. സി.ആർ.പി.സി 102 അനുസരിച്ചാണ് ബാങ്കുകളുടെ മരവിപ്പിക്കലെങ്കിലും സുപ്രിംകോടതി അടക്കമുള്ള വിവിധ നീതിപിഠങ്ങളുടെ മാർഗനിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് നടപടിയുണ്ടായതെന്നും ഇവർ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ കബളിപ്പിക്കപ്പെട്ട കൂടുതൽ പേർ പരാതിയുമായി ആർ.ബി.ഐ, കോടതി വൃത്തങ്ങളെ സമീപിക്കുമെന്നാണ് വിവരം.