തൊടുപുഴ- അനാശ്യാസ പ്രവര്‍ത്തനം നടത്തി വന്നിരുന്ന റിസോര്‍ട്ടിന്റെ നടത്തിപ്പുകാരനായ പോലീസുകാരന് സസ്പെന്ഷന്. കാഞ്ഞാര്‍ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിപിഒ ടി അജിമോനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്. അനധികൃത ഇടപാടുകളുടെ പേരില്‍ നേരത്തെയും നടപടി നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് അജിമോന്. തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് പ്രവര്‍ത്തിച്ച് വരുന്ന ബാറിന്റെ ഉടമസ്ഥരിലൊരാളാണ് ഇയാളെന്നാണ് പോലീസിന് ലഭിച്ച വിവരം.
പീരുമേട്- തോട്ടാപ്പുര റോഡിലെ അജിമോന്റെ ഉടമസ്ഥതയിലുള്ള ക്ളൌഡ് വാലി റിസോര്‍ട്ടിലാണ് അനാശ്യാസ പ്രവര്‍ത്തനം നടന്ന് വന്നിരുന്നത്. മലയാളികളും ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളെയും കോട്ടയം സ്വദേശിയായ ഇടപാടുകാരനെയും ഇവിടെ നിന്ന് പോലീസ് പിടികൂടിയിരുന്നു. പോലീസ് എത്തിയ വിവരം റിസോര്‍ട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ അജിമോനെ ഫോണില്‍ ബന്ധപ്പെട്ട് അറിയിച്ചിരുന്നു. കൂടാതെ പിടിയിലായ സ്ത്രീകള്‍ അജിമോന്റെ ഫോട്ടോ തിരിച്ചറിയുകയും നടത്തിപ്പുകാരനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അജിമോനടക്കം മൂന്ന് നടത്തിപ്പുകാരുടെ കീഴിലാണ് അനാശ്യാസ കേന്ദ്രം പ്രവര്‍ത്തിച്ച് വന്നിരുന്നത് എന്നാണ് പോലീസ് അറിയിക്കുന്നത്. റിസോര്‍ട്ട് നടത്തിപ്പുകാരനായ ജോണ്‍സണാണ് കേസിലെ ഒന്നാം പ്രതി. പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളിലേയ്ക്കും സംഘം സ്ത്രീകളെ എത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.