Sorry, you need to enable JavaScript to visit this website.

ഹിന്ദു ജീവനക്കാരന്‍ സഹായിച്ചാല്‍ മതിയെന്ന് ഉപഭോക്താവ്; വഴങ്ങിയ എയര്‍ടെലിനെതിരെ പ്രതിഷേധം

മുംബൈ- രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയായ എയര്‍ടെല്‍ മുസ്ലിം ജീവനക്കാരനോട് മതത്തിന്റെ പേരില്‍ വിവേചനപരമായി പെരുമാറിയത് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരികൊളുത്തി. എയര്‍ടെലിന്റെ ഒരു ഡിടിഎച്ച് ഉപഭോക്താവായ പൂജ സിങ് എന്ന യുവതി കഴിഞ്ഞ ദിവസം കമ്പനിയുടെ കസ്റ്റമര്‍ കെയര്‍ പ്രതിനിധിയായ മുസ്ലിം ജീവനക്കാരനോട് മതത്തിന്റെ പേരില്‍ വിദ്വേഷ പരാമര്‍ശം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. മുസ്ലിം ജീവനക്കാരന്റെ സഹായം വേണ്ടെന്നും ഹിന്ദു ജീവനക്കാരന്‍ സഹായിച്ചാല്‍ മതിയെന്നും പൂജ സിങ് ആവശ്യപ്പെട്ടത് അതേപടി അംഗീകരിച്ചതാണ് എയര്‍ടെലിന് വിനയായത്.

ട്വിറ്ററില്‍ ദല്‍ഹി ബിജെപി വക്താവ് തജിന്ദര്‍ സിങ് ബഗ്ഗയടക്കം പതിനായിരത്തിലേറെ ഫോളോവേഴ്‌സുള്ള പൂജ സിങ് എയര്‍ടെലിന്റെ മോശം കസ്റ്റമര്‍ കെയര്‍ സേവനത്തെ കുറിച്ച് പരാതിപ്പെട്ടാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതു ശ്രദ്ധയില്‍പ്പെട്ട കമ്പനി മറുപടി ട്വീറ്റിലൂടെ ഉടന്‍ പ്രശ്‌നം പരിഹരിക്കാമെന്നും ഉടന്‍ ബന്ധപ്പെടാമെന്നും പൂജയെ അറിയിക്കുകയായിരുന്നു. എയര്‍ടെലിനു വേണ്ടി ഈ മറുപടി ട്വീറ്റ് നല്‍കിയത് ശുഐബ് എന്ന കസ്റ്റമര്‍ കെയര്‍ പ്രതിനിധിയാണ്. ഈ മുസ്ലിം പേര് ചൂണ്ടിക്കാട്ടിയാണ് മറ്റൊരു മറുപടി ട്വീറ്റിലൂടെ വിദ്വേഷപരവും വര്‍ഗീയത നിറഞ്ഞതുമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ശുഐബ് മുസ്ലിം ആയത് കൊണ്ട് താങ്കളുടെ സഹായം ആവശ്യമില്ലെന്നും ഒരു ഹിന്ദു കസ്റ്റമര്‍ കെയര്‍ പ്രതിനിധിയുടെ സഹായം മതിയെന്നും പൂജ പരസ്യമായി ട്വീറ്റ് ചെയ്തു. 

പൂജയുടെ മതവിദ്വേഷപരമായ ആവശ്യത്തെ പൂര്‍ണമായും അംഗീകരിച്ച് എയര്‍ടെല്‍ ഗഗന്‍ജോത് എന്ന മറ്റൊരു ജീവനക്കാരന്റെ പേരില്‍ മറുപടി നല്‍കിയതോടെയാണ് പ്രതിഷേധത്തിനിടയാക്കിയത്. പൂജയുടെ വര്‍ഗീയ വിദ്വേഷം എയര്‍ടെല്‍ അംഗീകരിക്കുകയായിരുന്നെന്നും സ്വന്തം ജീവനക്കാര്‍ക്കിടയില്‍ വര്‍ഗീയ വിവേചനം കാട്ടിയെന്നും ചൂണ്ടിക്കാട്ടി നിരവധി പേര്‍ കമ്പനിക്കെതിരെ രംഗത്തെത്തി. പലരും എയര്‍ടെല്‍ മൊബൈല്‍, ഡിടിഎച്ച് സേവനങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് പരസ്യമായി ബഹിഷ്‌ക്കരണാഹ്വാനം നടത്തി. പ്രതിഷേധം കനത്തതോടെ എയര്‍ടെല്‍ ഒടുവില്‍ വിശദീകരണവുമായി രംഗത്തു വരികയും ചെയ്തു. ഞങ്ങളുടെ ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയില്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ഒരു വിവേചനവും കാണിക്കില്ലെന്നും താങ്കളില്‍ നിന്നും ഞങ്ങള്‍ ഇതാണ് പ്രതീക്ഷിക്കുന്നതെന്നും പൂജയ്ക്ക് അവസാനമായി നല്‍കിയ മറുപടി ട്വീറ്റില്‍ എയര്‍ടെല്‍ വ്യക്തമാക്കി.
 

Latest News