അബുദബി- നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിന് യു.എ.ഇ നല്കിയ മുന്നറിയിപ്പ് പിന്‍വലിച്ചു. 17 പേരുടെ മരണത്തിനിടയാക്കിയ മാരക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മേയിലാണ് യു.എ.ഇ കേരളത്തിലേക്ക് അത്യാവശ്യമില്ലാതെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. അണുബാധ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം നേരത്തെ നല്കിയ യാത്രാ മുന്നറിയിപ്പ് പിന്‍വലിച്ചത്.
അതേസമയം വേനല്‍ അവധി അടുത്ത പശ്ചാത്തലത്തില്‍ നിപ്പാ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം അറിയിച്ചു. കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ആര്‍ക്കും വിലക്കുകളില്ല. എന്നാല്‍ അണുബാധ ഉണ്ടായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം- മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിദേശ യാത്രകള്‍ നടത്തുന്നവര്‍ യാത്രയ്ക്കു നാലോ ആറോ ആഴ്ചകള്‍ക്കു മുമ്പ് തന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കുകളിലെത്തി ഡോക്ടര്‍മാരെ കാണണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ ഭീഷണികള്‍ കണക്കിലെടുത്ത് ആവശ്യമായ പരിശോധനകളും അതതു രാജ്യങ്ങള്‍ക്കാവശ്യമായ വാക്സിനുകളും എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.