മോസ്‌കോ- യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട ലേഖനം നീക്കം ചെയ്യാനുള്ള റഷ്യയുടെ ആവശ്യം നിരാകരിച്ച സൗജന്യ ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ വിക്കിപീഡിയയ്ക്ക് മോസ്‌കോ കോടതിയുടെ പിഴ.
രണ്ട് ദശലക്ഷം റൂബിളാണ് കോടതി വിധിച്ചിരിക്കുന്നത്. റഷ്യന്‍ റൂബിളിനും ഇന്ത്യന്‍ രൂപയ്ക്കും ഒരേ മൂല്യമായതിനാല്‍ 20 ലക്ഷം രൂപയാണ് പിഴ സംഖ്യ.
'സപ്പോരിജിയ മേഖലയിലെ റഷ്യന്‍ അധിനിവേശം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വിക്കിപീഡിയ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നും ഉടന്‍ നീക്കം ചെയ്യണമെന്നുമാണ് റഷ്യന്‍ സ്റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് വാച്ച് ഡോഗ് ആവശ്യപ്പെട്ടത്. എന്നാല്‍ വിക്കിമീഡിയാ ഫൗണ്ടേഷന്‍ ഇത് മുഖവിലയ്‌ക്കെടുത്തില്ല. അതോടെയാണ് കോടതി പിഴ ചുമത്തിയത്.
വിക്കിപീഡിയ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാമ് പ്രസിദ്ധീകരിക്കുന്നതെന്ന് നേരത്തെയും ആരോപണം ഉണ്ടായിരുന്നു. രാജ്യവിരുദ്ധമെന്ന് റഷ്യന്‍ ഭരണകൂടം മുദ്രകുത്തിയ റോക്ക് ബാന്‍ഡിന്റെ ഗാനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച മോസ്‌കോ കോടതി വിക്കിമീഡിയ ഫൗണ്ടേഷന് 800,000 റൂബിള്‍സ് പിഴ ചുമത്തിയിരുന്നു. 2022 നവംബറില്‍ പ്രത്യേക സൈനിക നടപടിയെക്കുറിച്ചുള്ള ഏഴ് വിക്കിപീഡിയ ലേഖനങ്ങള്‍ നീക്കം ചെയ്യാത്തതിനെതിരെയും വിക്കിപീഡിയ നടപടി നേരിട്ടിരുന്നു. രണ്ട് ദശലക്ഷം റുബിള്‍ പിഴയൊടുക്കാനാണ് അന്ന് കോടതി ഉത്തരവിട്ടത്.