കൊളംബിയ- വംശനാശം നേരിടുന്ന ടോക് മക്കാക്ക് വിഭാഗത്തിലുള്ള ഒരു ലക്ഷം കുരങ്ങുകളെ ശ്രീലങ്ക ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടിയുള്ള നീക്കത്തിന്റെ ഭാഗമായാണ് കയറ്റുമതിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ശ്രീലങ്കന്‍ കൃഷിമന്ത്രി മഹിന്ദ അമരവീരയാണ് കുരങ്ങു കയറ്റുമതിയെ കുറിച്ച് പറഞ്ഞത്. ആയിരം മൃഗശാലകളിലേക്ക് ഒരു ലക്ഷത്തോളം ടോക് മക്കാക്കുകളെ വേണമെന്നാണ് ചൈന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തില്‍ ആദ്യഘട്ട ചര്‍ച്ച നടന്നതായാണ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മന്ത്രി അമരവീരയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ദേശീയ സുവോളജിക്കല്‍ ഗാര്‍ഡന്‍സ്, വന്യജീവി സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
ശ്രീലങ്കയിലെ കുരങ്ങുകളുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രാദേശിക അധികാരികള്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ച സമയത്താണ് ചൈനയില്‍ നിന്നും കുരങ്ങിനെ ആവശ്യപ്പെട്ട് അന്വേഷണം വന്നത്.
നിലവില്‍ ശ്രീലങ്കയില്‍ ഏകദേശം മൂന്നു ദശലക്ഷത്തോളം കുരങ്ങുകളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ കര്‍ഷകര്‍ക്ക് കുരങ്ങുകള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തിയിരുന്നത്.
ചുവപ്പുകലര്‍ന്ന ബ്രൗണ്‍ നിറമുള്ള കുരങ്ങുകളാണ് ടോക് മക്കാക്ക്. ശ്രീലങ്കയില്‍ ഇവയെ റിവാല എന്ന പേരിലും അറിയപ്പെടുന്നു. ശ്രീലങ്കയിലെ വിവിധ മേഖലകളിലായി സിനിക, ഓറിഫ്രോണ്‍സ് ഒപിസ്‌തോമേലസ് എന്നീ ഇനം കുരങ്ങന്‍മാരുമുണ്ട്.