റിയാദ് - സ്വകാര്യ മേഖലാ ജീവനക്കാരുടെ തൊഴിൽ കരാർ ഡോക്യുമെന്റേഷൻ രണ്ടാം ഘട്ടത്തിന് തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിലെ ആകെ ജീവനക്കാരിൽ 50 ശതമാനം പേരുടെ തൊഴിൽ കരാറുകളാണ് ഈ ഘട്ടത്തിൽ ഖിവാ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടത്. ഈ വർഷം ആദ്യ പാദത്തിൽ 20 ശതമാനം ജീവനക്കാരുടെയും രണ്ടാം പാദത്തിൽ 50 ശതമാനം തൊഴിലാളികളുടെയും മൂന്നാം പാദത്തിൽ 80 ശതമാനം തൊഴിലാളികളുടെയും തൊഴിൽ കരാറുകൾ ഖിവാ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യണമെന്ന് മന്ത്രാലയം നേരത്തെ നിർണയിച്ചിരുന്നു.
തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും, തൊഴിൽ സ്ഥിരതക്കും ഉൽപാദനക്ഷമത വർധിപ്പിക്കാനും സഹായിക്കുന്ന തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും തൊഴിൽ നിയമ, വ്യവസ്ഥകൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കരാർ വിവരങ്ങളുടെ സാധുത ഉറപ്പാക്കാനും തർക്കങ്ങളും തൊഴിൽ പ്രശ്‌നങ്ങളും കുറക്കാനും തൊഴിൽ കരാർ ഡോക്യുമെന്റേഷനിലൂടെ ലക്ഷ്യമിടുന്നു. സ്വദേശികളും വിദേശികളും അടക്കമുള്ള സ്വകാര്യ മേഖലാ തൊഴിലാളികളുടെ തൊഴിൽ കരാറുകൾ ഓൺലൈനായി സമർപ്പിക്കാനും കരാർ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും തൊഴിലുടമകളെ തൊഴിൽ കരാർ ഡോക്യുമെന്റേഷൻ സഹായിക്കുന്നു.
തങ്ങളുടെ കരാർ വിവരങ്ങളുടെ സാധുത പരിശോധിക്കാൻ തൊഴിലാളികളെയും ഈ സേവനം അനുവദിക്കുന്നു. സ്ഥാപനം തൊഴിൽ കരാർ തയാറാക്കിയ ശേഷം ജീവനക്കാരന് ഖിവാ ഇൻഡിവിജ്വൽസിലെ തന്റെ അക്കൗണ്ടു വഴി കരാർ അംഗീകരിക്കാനോ നിരസിക്കാനോ ഭേദഗതി ആവശ്യപ്പെടാനോ സാധിക്കും. ഇരു കക്ഷികളും സമ്മതിക്കുന്ന സാഹചര്യത്തിൽ കരാർ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഡോക്യുമെന്റ് ചെയ്തതായി കണക്കാക്കും.