ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്ത് ജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്നും അനുബന്ധ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധന്‍ ഡോ. സന്ദീപ് നയാര്‍ നിര്‍ദേശിച്ചു. ജനങ്ങള്‍ മാസ്‌ക് ധരിക്കുന്ന സ്വഭാവത്തിലേക്ക് മടങ്ങണമെന്നും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് ഇറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ബി.എല്‍.കെ ഹോസ്പ്റ്റലില്‍ വകുപ്പ് മേധാവിയും പള്‍മോണോളജിസ്റ്റുമായ ഡോ. സന്ദീപ് നയാര്‍ പറഞ്ഞു.
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാരുകള്‍ ഉടന്‍തന്നെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊറോണ രോഗികള്‍ വര്‍ധിക്കുകയാണെന്നും പനിയും ചുമയും ജലദോഷവമായി ധാരാളം പേരാണ് ആശുപത്രിയിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ ഏഴു ദിവസത്തേക്ക് കര്‍ശന നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരുന്നുള്ളൂ. കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചവരാണ് ഇപ്പോള്‍ വ്യാപിക്കുന്ന കോവിഡ് വകഭേദത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത്- അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ ബുധനാഴ്ച 1149 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച 980 കേസുകള്‍ മാത്രമായിരുന്നതിനാല്‍ രോഗം വളരെ വേഗം വ്യാപിക്കുകയാണെന്നാണ് ദല്‍ഹി ആരോഗ്യ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നത്. തലസ്ഥാനത്ത് ഒരു മരണം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പ്രാഥമിക കാരണം കോവിഡല്ല. ദല്‍ഹിയില്‍ പോസിറ്റീവിറ്റി നിരക്ക് 23.8 ശതമാനമാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)