റിയാദ്- സൗദി അറേബ്യയില്‍ നാല് പ്രത്യേക ഇക്കണോമിക് സോണുകള്‍ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയാണ് ലക്ഷ്യം. റിയാദ്, ജിസാന്‍, റസാല്‍ ഖൈര്‍, ജിദ്ദ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി എന്നിവിടങ്ങളിലായിരിക്കും പുതിയ ഇക്കണോമിക് സോണുകള്‍.
ലോകത്തെമ്പാടുമുളള നിക്ഷേപകരെ സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്ന അവസരങ്ങളിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ പ്രത്യേക സാമ്പത്തിക മേഖലകള്‍ രാജ്യത്തെ ബിസിനസില്‍ നിര്‍ണായകമാകുമെന്നും പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സൗദിയുടെ മൊത്തം ആഭ്യന്തരോല്പാദനത്തില് ബില്യണ്‍ കണക്കിന് റിയാല്‍ സംഭാവന ചെയ്യുമെന്നും കിരീടാവകാശി പറഞ്ഞു. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന സോണുകള്‍ വഴി പുതിയ ബിസിനസ് ഹബുകള്‍ സൃഷ്ടിക്കാനും കമ്പനികളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനും സാധിക്കും.
ഇറക്കുമതി ചുങ്കത്തില്‍ ഇളവു നല്‍കിയും കുറഞ്ഞ കോര്‍പറേറ്റ് ടാക്സ് മാത്രം ഈടാക്കിയും നൂറു ശതമാനം വിദേശ ഉടമസ്ഥതയിലുള്ള കമ്പനികള്‍ അനുവദിച്ചുമായിരിക്കും പ്രത്യേക സാമ്പത്തിക മേഖലകള്‍.