ഇടുക്കി - യു.പിഐ വഴി പണം സ്വീകരിച്ചതിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവരിൽ പ്രവാസികളും. ഇടുക്കി വണ്ണപ്പുറം സ്വദേശികളായ സൽമാൻ മണപ്പാടൻ, ഇല്യാസ് സൈനുദ്ദീൻ എന്നിവരുടെ അക്കൗണ്ടുകളാണ് ബാങ്ക് മരവിപ്പിച്ചത്.
വണ്ണപ്പുറം കാളിയാർ ഫെഡറൽ ബാങ്കിലെയും സൗത്ത് ഇന്ത്യൻ ബാങ്കിലെയും സേവിംഗ്‌സ് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇല്യാസിന്റെ നാല് ബന്ധുക്കളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.
ഹരിയാനയിലെ രണ്ട് പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. എന്നാൽ, കേസ് ഏതാണെന്നോ എന്താണ് പ്രശ്‌നമെന്നോ, പരിഹാരത്തെക്കുറിച്ചോ വ്യക്തതയില്ല. കോഴിക്കോട് സ്വദേശിയായ ഒരു സുഹൃത്ത് യു.പി.ഐ വഴി ഇല്യാസിന്റെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നു. ഈ തുക വണ്ണപ്പുറം സ്വദേശിയായ സുഹൃത്ത് ഉനൈസിന്റെ അക്കൗണ്ടിലേക്കായി ഇല്യാസ് അയക്കുകയുണ്ടായി. ഇതിൽ 15000 രൂപ ഉനൈസ് സൽമാന്റെ അക്കൗണ്ടിലേക്ക് മാറ്റി. ഈ ഇടപാടാണ് അക്കൗണ്ട് മരവിപ്പിക്കലേക്ക് നയിച്ചതെന്നാണ് വിവരം.
അജ്മാനിൽ താമസക്കാരനല്ലാത്ത ഇല്യാസിന്റെ അക്കൗണ്ടിനെതിരെ ഹരിയാന കുരുക്ഷേത്ര സൈബർ പോലീസ് സ്‌റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ കേസ് തീർപ്പാക്കിയ ശേഷമേ അക്കൗണ്ട് തിരികെ ലഭിക്കൂവെന്നാണ് ബാങ്കിൽ നിന്ന് ലഭിച്ച വിവരം.
ഇതോടൊപ്പം ബന്ധപ്പെടാൻ ഹരിയാന പോലീസിന്റെ നമ്പറുമുണ്ടായിരുന്നു. എന്നാൽ, ഈ നമ്പരിൽ വിളിച്ചപ്പോൾ അങ്ങനെയൊരു കേസ് എടുത്തിട്ടില്ലെന്നാണ് പറഞ്ഞത്. കേസെടുത്തിട്ടില്ലെന്ന് കാണിച്ച് ഇമെയിൽ അയക്കാൻ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ല. ഹരിയാനയിൽ നേരിട്ട് വന്ന് പ്രശ്‌നം പരിഹരിക്കാനായിരുന്നു പോലീസ് നിർദേശം.
ഷാർജയിലുള്ള സൽമാനുൽ ഫാരിസിന് പണം വിട്ടുകിട്ടാൻ ഹരിയാന ഈസ്റ്റ് ഗുരുഗ്രാം സൈബർ പോലീസിലെ പ്രിയ എന്ന പോലീസുകാരിയെ ബന്ധപ്പെടാനാണ് ബാങ്ക് വഴി അയച്ച ഇമെയിലിൽ പറയുന്നത്. അതിനിടെ, പണം അയച്ച ഉനൈസിന്റെ അക്കൗണ്ട് ഓക്കെയായതായും റിപ്പോർട്ടുണ്ട്.