ന്യൂദല്‍ഹി- പ്രതിപക്ഷ നേതാക്കളുടെ ഐക്യത്തിന്റെ സൂചനയായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച വൈകിട്ടു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും ബുധനാഴ്ച കണ്ടതിന് പിന്നാലെയാണ് പവാറിന്റെ കൂടിക്കാഴ്ച.
മമത ബാനര്‍ജി, അരവിന്ദ് കേജ്രിവാള്‍ തുടങ്ങി എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ശരദ് പവാര്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിനായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയില്‍നിന്നും ശരദ് പവാര്‍ കാണാന്‍ വന്നതില്‍ സന്തോഷമുണ്ടെന്ന് ഖര്‍ഗെ പ്രതികരിച്ചു. ഇതൊക്കെ സംഭവിക്കുന്നത് രാജ്യത്തെയും ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.