റിയാദ്- കാരുണ്യ വഴിയിൽ കൈത്താങ്ങായി മർകസ് റിയാദ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. റിയാദ് എക്സിറ്റ് പതിനെട്ടിലെ അൽഫാരിസ് ഇസ്തിറാഹയിൽ നടന്ന വിപുലമായ ഇഫ്താർ സംഗമത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു.
വർത്തമാന കാലത്ത് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വിശ്വാസികൾക്ക് അസത്യത്തിനെതിരെ സത്യം വിജയിച്ച ബദറിന്റെ ചരിത്രം പ്രചോദനമാകണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന അധ്യക്ഷനും കോഴിക്കോട് മർകസ് വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ ആവശ്യപ്പെട്ടു. റിയാദ് മർകസ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനവികതയുടെ മഹത്തായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇസ് ലാം മത വിശ്വാസികൾക്ക് അനാവശ്യ ആക്രമണങ്ങളുടെ പാതയിൽ ചലിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ ഓൺലൈനിലൂടെ സന്ദേശ പ്രഭാഷണം നടത്തി. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും മർകസ് നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, കാരുണ്യ പ്രവർത്തനങ്ങൾക്ക് റിയാദ് സമൂഹം നൽകി വരുന്ന പിന്തുണയെ കാന്തപുരം അനുസ്മരിച്ചു.
നോളജ് സിറ്റിയിലെ ജാമിഅത്തുൽ ഫുതൂഹിലെ പ്രവർത്തനങ്ങളിലും 25,000 ലധികം പേർക്കായി നടത്തുന്ന ഇഫ്താർ സംഗമം വിജയിപ്പിക്കുന്നതിലും റിയാദ് സമൂഹത്തിന്റെ പങ്കാളിത്തം അദ്ദേഹം ആവശ്യപ്പെട്ടു. മർകസ് റിയാദിന്റെയും ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസിന്റെയും പ്രസിഡന്റായ അബ്ദുൽ നാസർ അഹ്സനി അധ്യക്ഷത വഹിച്ചു. മർകസ് മുൻ പ്രസിഡന്റുമാരായ ശരീഫ് മുസ് ലിയാർ പുത്തൻപള്ളി, അലിക്കുഞ്ഞു മൗലവി, മുഹമ്മദ്കുട്ടി സഖാഫി ഒളമതിൽ എന്നിവർ നേതൃത്വം നൽകി.
മർകസ് റിയാദ് കമ്മിറ്റി സെക്രട്ടറി ഫസൽ കുട്ടശ്ശേരി സ്വാഗതവും പ്രോഗ്രാം കൺവീനർ നിസാർ അഞ്ചൽ നന്ദിയും പറഞ്ഞു.