റിയാദ് - ആശുപത്രികളിൽ ചികിത്സയിൽ കഴിയവേ മസ്തിഷ്‌ക മരണം സംഭവിച്ച ആറു പേരുടെ അവയവങ്ങൾ 13 രോഗികൾക്ക് പുതുജീവൻ നൽകി. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കളുടെ അനുമതി നേടിയെടുക്കുന്നതിൽ സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ വിജയിച്ചതോടെയാണിത്.
മസ്തിഷ്‌ക മരണം സംഭവിച്ചവരിൽ നിന്ന് നീക്കം ചെയ്ത അവയവങ്ങൾ സൗദി രോഗികളിലാണ് മാറ്റിവെച്ചത്. അഞ്ചു പേരിൽ വൃക്കകളും അഞ്ചു പേരിൽ കരളുകളും മൂന്നു പേരിൽ ശ്വാസകോശങ്ങളുമാണ് മാറ്റിവെച്ചത്. മെഡിക്കൽ മുൻഗണനാക്രമം അനുസരിച്ച്, നീതി ഉറപ്പു വരുത്തിക്കൊണ്ടു തന്നെ മെഡിക്കൽ ധാർമികത പാലിച്ചാണ് അവയവങ്ങൾ രോഗികളിൽ മാറ്റിവെച്ചതെന്ന് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ത്വലാൽ അൽഖൗഫി പറഞ്ഞു. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബങ്ങളെ ത്വലാൽ അൽഖൗഫി പ്രശംസിച്ചു.