ലഖ്‌നൗ- ജയിലില്‍ കഴിയുന്ന രാഷ്ട്രീയ നേതാവ് ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദിനെ വധിക്കാന്‍ പോലീസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തിയെന്ന് സമാജ്‌വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാനാണ് യോഗി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
'വ്യാജഏറ്റുമുട്ടലുകള്‍ നടത്തി യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. കോടതികളില്‍ ബി.ജെ.പിക്ക് വിശ്വസമില്ല. ഇന്നത്തെ ഏറ്റുമുട്ടല്‍ കൊലപാതകം ഉള്‍പ്പടെ സമീപകാലത്തുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ സമഗ്രമായി അന്വേഷിക്കണം' അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു.
ഇന്നുണ്ടായ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. വികാസ് ദുബെ സംഭവത്തിന്റെ ആവര്‍ത്തനമായാണ് ജനം ഇതിനെ കാണുന്നത്. അതിനാല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് മായാവതി പറഞ്ഞു.
ഇന്ന് രാവിലെയാണ് ആതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദ് പ്രയാഗ് രാജില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഉമേഷ് പാല്‍ വധക്കേസില്‍പ്പെട്ട ഗുലാം എന്നയാളും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ഇരുവരും ഉമേഷ് പാല്‍ കേസില്‍ പോലീസിന്റെ 'വാണ്ടഡ്' പട്ടികയില്‍പ്പെട്ടവരാണ്. ഇരുവരുടെയും തലക്കു 5 ലക്ഷം വീതം വിലയിട്ടിരുന്നു.