Sorry, you need to enable JavaScript to visit this website.

'വാറി'ൽ  കൊറിയ തോറ്റു

പെനാൽറ്റിയിലൂടെ സ്വീഡന്റെ വിജയ ഗോൾ നേടിയ ക്യാപ്റ്റൻ ആന്ദ്രെ ഗ്രാൻക്വിസ്.
  • സ്വീഡൻ 1- തെ.കൊറിയ 0

നിഷ്‌നി നോവ്‌ഗൊരോദ്- മാക്‌സിം ഗോർക്കിയുടെ നാടായ നിഷ്‌നി നോവ്‌ഗൊരോദിൽ തെക്കൻ കൊറിയയെ 1-0 ന് വകവരുത്താൻ സ്വീഡന് 'വാർ' റൂമിന്റെ സഹായം. സ്വീഡൻ ഒരുപിടി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഫിനിഷിംഗിലെ പാളിച്ചകളും കൊറിയൻ പ്രതിരോധത്തിന്റെ മികവും കൊണ്ട് ഗോളൊഴിഞ്ഞു നിൽക്കുകയായിരുന്നു. രണ്ടാം പകുതിയിൽ വീഡിയൊ അസിസ്റ്റന്റ് റഫറി (വാർ) അനുവദിച്ച പെനാൽട്ടിയാണ് ഒടുവിൽ സ്വീഡന്റെ വിജയത്തിലേക്ക് വഴിതുറന്നത്. 

അറുപത്തിരണ്ടാം മിനിറ്റിൽ കൊറിയൻ പകരക്കാരൻ കിം മിൻ വൂയുടെ ചവിട്ട് സ്വീഡന്റെ വിക്ടർ ക്ലേസനെ വീഴ്ത്തിയപ്പോൾ റഫറി കളി തുടരാൻ ആഹ്വാനം ചെയ്തതായിരുന്നു. കൊറിയ പ്രത്യാക്രമണവും ആരംഭിച്ചു. എന്നാൽ 'വാർ' ഇടപെട്ട് പെനാൽട്ടി വിധിച്ചു. ഗോളിയെ വലത്തോട്ടേക്ക് ആകർഷിച്ച് സ്വീഡന്റെ നായകൻ ആന്ദ്രെ ഗ്രാൻക്വിസ് പന്ത് വലയിലേക്ക് ഉരുട്ടിവിട്ടു. 
എൽസാൽവഡോറുകാരനായ റഫറി ജോയൽ അഗ്വിയാർ അതുവരെ തൊട്ടതിനൊക്കെ വിസിൽ മുഴക്കിയിരുന്നു. എന്നാൽ ക്ലേസൻ വീണപ്പോൾ കളി തുടരാൻ ആംഗ്യം കാട്ടി. ഈ ലോകകപ്പിലെ മൂന്നാമത്തെ 'വാർ' പെനാൽട്ടിയാണ് ഇത്. ഫ്രാൻസിനും പെറുവിനുമാണ് നേരത്തെ ആനുകൂല്യം കിട്ടിയത്. 
ഏഴ് സന്നാഹ മത്സരങ്ങളിൽ രണ്ടു ഗോൾ മാത്രമടിച്ച സ്വീഡനും കൊറിയയും തമ്മിലുള്ള കളിയിൽ പെനാൽട്ടി വിധി നിർണയിച്ചതിൽ അദ്ഭുതമൊന്നുമില്ല. സ്വീഡനായിരുന്നു പൂർണ ആധിപത്യം. കൊറിയക്ക് ഒരു ഷോട്ട് പോലും ഗോളിലേക്ക് പായിക്കാനായില്ല. തൊണ്ണൂറാം മിനിറ്റിലാണ് കൊറിയക്ക് മികച്ച അവസരം കിട്ടിയത്. ഹ്വാംഗ് ഹീ ചാനിന്റെ ഹെഡർ പക്ഷെ ലക്ഷ്യത്തിൽ നിന്ന് അകന്നു. ജയത്തോടെ സ്വീഡനും മെക്‌സിക്കോയും ഗ്രൂപ്പിൽ ഒന്നാം സ്ഥാനം പങ്കിടുകയാണ്. 
ഏതാണ്ട് മുഴുവൻ സമയവും സ്വീഡന്റെ മുന്നേറ്റ നിരയും കൊറിയൻ പ്രതിരോധവും തമ്മിലായിരുന്നു കളി. 
ഇരുപതാം മിനിറ്റിൽ തൊട്ടുമുന്നിൽ നിന്ന് മാർക്കസ് ബെർഗിന്റെ ഷോട്ട് ഗോളി ജോ ഹ്യോൻ വൂ രക്ഷപ്പെടുത്തി. ബെർഗിന്റെ മറ്റൊരു മുന്നേറ്റം കിം യംഗ് ഗ്വോൻ ബ്ലോക്ക് ചെയ്തു. പ്രത്യാക്രമണത്തിൽ മാത്രമാണ് കൊറിയ അപായഭീഷണിയുയർത്തിയത്. സോൻ ഹ്യുംഗ് മിന്നിന്റെ വേഗം പലപ്പോഴും ഗ്രാൻക്വിസ്റ്റിന്റെ താളം തെറ്റിച്ചു. അസുഖം ബാധിച്ച വിക്ടർ ലിൻഡലോഫിന്റെ അഭാവം സ്വീഡന്റെ പ്രതിരോധത്തിൽ പ്രകടമായിരുന്നു. 

 

Latest News